പ്ലാച്ചിമട ജലസമരത്തിന്റെ 15-ാം വര്‍ഷം പാലക്കാട് കളക്ടറേറ്റിന് മുന്നില്‍ ആരംഭിച്ച നിരാഹാര സമരത്തില്‍ പങ്കെടുക്കാനാണ് മാഗ്സാസെ അവാര്‍ഡും (2001) ജല നോബല്‍ എന്നു വിശേഷിപ്പിക്കുന്ന സ്റ്റോക് ഹോം (2015) അവാര്‍ഡും നേടിയ ഡോ. രാജേന്ദ്ര സിങ് പാലക്കാട്ടെത്തിയത്. സമരച്ചൂടും ഉച്ചച്ചൂടും പുകഞ്ഞു നില്‍ക്കെ, ജലത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിലെ നായകന് പറഞ്ഞു, ”ഈ സമരം ലോകത്തിനു പാഠമാകണം, പ്രകൃതി ജലം ജനങ്ങള്‍ക്കാണ് നല്‍കിയത്; കോര്‍പ്പറേറ്റുകള്‍ക്കല്ല. ജലത്തില്‍ അവകാശം അതത് പ്രദേശത്തെ ജനങ്ങള്‍ക്കാകണം.”
ജലപുരുഷന്‍ എന്നാണ് സിങ് ഇപ്പാള്‍ അറിയപ്പെടുന്നത്. ‘ഇക്കാലത്തെ ഭഗീരഥന്’ എന്ന വിശേഷണമാണ് കൂടുതല്‍ ചേരുക. പാപാത്മാക്കളുടെ മോക്ഷത്തിന്, മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത പ്രയത്നം നടത്തി, ആകാശത്തുനിന്ന് ഗംഗയെ ഭൂമിയിലും പാതാളത്തിലുമൊഴുക്കിയതാണ് പുരാണത്തിലെ ഭഗീരഥന്റെ കഥ; ഭഗീരഥ പ്രയത്നം. പാതാളത്തിലാണ്ടുപോയ നദികളെ ഭൂമിയില്‍ പുനരവതരിപ്പിക്കുന്ന പ്രയത്നത്തിലാണ് ഈ നവ ഭഗീരഥന്.
ഏഴു നദികളാണ് രാജസ്ഥാനില്‍ മാത്രം രാജേന്ദ്ര സിങ് പുനഃസൃഷ്ടിച്ചത്. 10,000 മഴവെള്ള പ്രകൃതി സംഭരണികള്‍ കണ്ടെത്തി സംരക്ഷിച്ചു. രാജസ്ഥാനില്‍ ഭൂഗര്‍ഭ ജലനില 100 അടിതാഴെയായിപ്പോയത് 13 അടിവരെ ഉയര്‍ത്തിയെത്തിച്ചു. 11 ജില്ലകളില്‍, 850 ഗ്രാമങ്ങളില്‍ 4,500 ചെറുതടയണകള്‍ കെട്ടിപ്പൊക്കിയാണ് ഇത് സാധിച്ചത്; മണ്ണും കല്ലും അതത് പ്രദേശത്തെ ജനങ്ങളുടെ അദ്ധ്വാനവും നാട്ടു സാങ്കേതിക വിദ്യയും കൊണ്ട്.
സിങ്ങിന്റെ യത്നത്തിനു തുണയായി ഒരു സേനയുണ്ടായിരുന്നു, ഇന്നും ഉണ്ട്; തരുണ്‍ ഭാരത് സേന (ടിബിഎസ്). യുപിയില്‍ ജനിച്ച്, ദല്‍ഹിയില്‍ വളര്‍ന്ന്, രാജസ്ഥാനില്‍ എത്തിപ്പെട്ട്, അവിടത്തുകാര്‍ക്കിടയില്‍ അവിടത്തുകാരനായി മാറിയ സിങ്ങിന്റെ ജീവചരിത്രം അത്ഭുതപ്പെടുത്തുന്നതാണ്. ജന്മികുടുംബത്തില് ജനനം. ആയുര്‍വേദ ഡോക്ടറായി, ഗാന്ധിയന്‍ ജീവിത പദ്ധതിയില്‍ ആകൃഷ്ടനായി, ജോലിയുപേക്ഷിച്ച്, സാമൂഹ്യ സേവനത്തിനിറങ്ങിത്തിരിച്ചു.
പ്രയത്നങ്ങളില്‍ പലതിലും പലവട്ടം പരാജയപ്പെട്ടു. ഒപ്പം നിന്നവര്‍ പിണങ്ങിപ്പിരിഞ്ഞിട്ടും പതറാതെ, ഒടുവില്‍ ഗ്രാമീണരില്‍നിന്ന് ശരിയായ ജീവിതലക്ഷ്യവും മാര്‍ഗ്ഗവും അറിഞ്ഞു. പരീക്ഷിച്ച് വിജയിച്ച സിങ്ങിന്റെ ജീവചരിത്രം പാഠപുസ്തകമാക്കാവുന്നതാണ് ആര്‍ക്കും.
അടിയന്തരാവസ്ഥയില്‍ പങ്കെടുത്തുള്ള പോരാട്ടം കഴിഞ്ഞാല്‍ 30 വര്‍ഷം നീണ്ട ജലസമരമാണ് ഈ അറുപതുകാരന്റെ ഏറ്റവും വലിയ തുടര്‍സമരം.
കന്യാകുമാരിയില്‍നിന്ന് ചെന്നൈവരെ ജല സന്ദേശയാത്ര മെയ് അവസാനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് രാജേന്ദ്ര സിങ്. പാലക്കാട്ട്, ജന്മഭൂമിയുമായി സിങ് സുദീര്‍ഘമായി സംസാരിച്ചു….
പ്രതികരിക്കാൻ ഇവിടെ എഴുതുക: