പേരിന്റെ കൂടെ ഒരു ചക്രവര്‍ത്തി. പറയാനും കേള്‍ക്കാനും ഒരിമ്പമുണ്ടാകും. പക്ഷേ അത്തരം ഇമ്പത്തേക്കാള്‍ ഗൗരവമായിരുന്നു ആളെ കണ്ടാല്‍. വിനു ചക്രവര്‍ത്തി അങ്ങനെയായിരുന്നു. വിനു എന്ന ലാളിത്യവും ചക്രവര്‍ത്തി എന്ന സഗൗരവവും. രണ്ടുംകൂടി ചേരുമ്പോള്‍ നാലഞ്ചു ഭാഷകളിലായി സ്വഭാവ നടന്റെ തന്മയീ ഭാവവുമായി ആയിരത്തിലേറെ ചിത്രങ്ങള്‍.
കഴിഞ്ഞ ദിവസം വിനു ചക്രവര്‍ത്തി മരിച്ചപ്പോള്‍ പ്രേക്ഷകന് ഓര്‍ത്തത് തമിഴ് ചുവയുള്ള ആ മലയാളമാണ്. ചിലപ്പോഴത് നര്‍മ്മമായും പലപ്പോഴും രോഷമായും നിറഞ്ഞിട്ടുണ്ട്. കരിവീട്ടി നിറവും ഉറച്ച ദേഹവും കത്തുന്ന കണ്ണുകളുമായി വിനു അവതരിപ്പിച്ച വില്ലന്‍ വേഷങ്ങള്‍ ഒരര്‍ഥത്തില്‍ അയാളുടെ നായകവേഷമായിരുന്നു.സിനിമകള്‍ കണ്ടിറങ്ങുമ്പോള്‍ നായകനൊപ്പം വിനുവിന്റെ വില്ലനും കൂടെയുണ്ടാകുമായിരുന്നു.
അഭിനയത്തില്‍ പക്വതയുടെ പൂര്‍ണ്ണതയോ പെരുമാറ്റത്തിന്റെ വ്യക്തതയോ ഉണ്ടായിരുന്നു വിനു ചക്രവര്‍ത്തിയുടെ വേഷങ്ങള്‍ക്ക്. കഥാപാത്രങ്ങളോടു ശരീര ഭാഷ ചേര്ത്തുകൊണ്ടുള്ളൊരു നടനമായിരുന്നു ഈ നടന്റേത്. നല്ല നാടനും തനി നഗരവാസിയും ഭദ്രമായിരുന്നു വിനുവില്‍.
തിരക്കഥാകൃത്തും സംവിധായകനുമൊക്കയായിട്ടും നടനായി തിളങ്ങാനായിരുന്നു വിനു ചക്രവര്‍ത്തിക്കു യോഗം. അത് അതിന്റെ എല്ലാത്തരത്തിലും പൂവണിഞ്ഞതുകൊണ്ടാണ് വേറിട്ട വേഷങ്ങളിലൂടെ അദ്ദേഹത്തിന് ആയിരത്തോളം സിനിമകളുടെ ആസ്തി ഉണ്ടായത്.
മലയാളിക്ക് പരിചിതനായിരുന്നു വിനു ചക്രവര്‍ത്തി.
മുപ്പതോളം മലയാള സിനിമകളില്‍ വിനു അഭിനയിച്ചു. ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം സംഘമായിരുന്നു ആദ്യം. അത് വന്‍ ഹിറ്റായിരുന്നു.മേലേ പറമ്പില്‍ ആണ്‍വീട്, രാജധാനി, കിടിലോല്‍ക്കിടിലം തുടങ്ങിയ സിനിമകള്‍ ചിരിക്കാനും നടുങ്ങാനുമൊക്കെയായി മലയാളത്തിനുമുണ്ട്. സിനിമാതാരങ്ങള്‍ മരിച്ചശേഷവും അവരുടെ ചിത്രങ്ങള്‍ ഓടിക്കൊണ്ടിരിക്കും. പ്രേക്ഷകരില്‍ അവര്‍ അങ്ങനെ സജീവമാകും. വിനു ചക്രവര്‍ത്തിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: