കോട്ടയം: ശീമാട്ടി റൗണ്ടാനയില്‍ പണിയുന്ന ആകാശപ്പാതയ്‌ക്കു സ്ഥലം വിട്ടുനല്‍കാന്‍ കോട്ടയം മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. എന്നാല്‍ സ്ഥലം വിട്ടു നല്‍കുന്നതോടെ മുന്‍സിപ്പല്‍ ഓഫീസ് ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന സ്ഥലത്തെ പരിമിതികള്‍ ചൂണ്ടിക്കാട്ടി ബിജെപി കൗണ്‍സിലര്‍മാര്‍ തീരുമാനത്തെ എതിര്‍ത്തു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിരുന്നപ്പോള്‍ ആകാശപ്പാത നിര്‍മ്മിക്കുവാനുള്ള നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുടങ്ങിവച്ചിരുന്നു. എന്നാല്‍ ഭരണമാറ്റത്തോടെ ആകാശപ്പാതയുടെ നിര്‍മ്മാണം അനിശ്ചിതാവസ്ഥയിലായി. കൂടുതല്‍ സ്ഥലം വിട്ടുനല്‍കിയെങ്കിലേ പണി മുന്നോട്ടു പോകൂ എന്ന സ്ഥിതിവന്നു. ഇതിന് സമീപമുള്ള സ്ഥലം മുന്‍സിപ്പാലിറ്റിയുടേതാണ്. ഈ സ്ഥലമാണ് ആകാശപ്പാതയ്‌ക്കുവേണ്ടി ഇപ്പോള്‍ വിട്ടുനല്‍കുവാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ മുനിസിപ്പാലിറ്റിയുടെ പരിസരത്ത് നിന്നുതിരിയാന്‍പോലും ഇടമില്ലാത്ത അവസ്ഥയാണുള്ളത്. മുന്‍പ് പലതവണ മുനിസിപ്പാലിറ്റിയുടെ സ്ഥലം വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിട്ടുനല്‍കിയിട്ടുണ്ട്. ഇനിയും സ്ഥലം വിട്ടുനല്‍കിയാല്‍ അതു രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കു വഴിവയ്‌ക്കുമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പറയുന്നു. തങ്ങള്‍ നഗരവികസനത്തിനെതിരല്ലെന്നും എന്നാല്‍ ഭാവനാശൂന്യമായ നടപടികളെയാണ് എതിര്‍ക്കുന്നതെന്നുമാണ് അവര്‍ പറഞ്ഞു.
















