തൃത്താല മേഖലയിലെ കുന്നുകള്‍ ഇല്ലാതാകുന്നു. കരിങ്കല്‍ ഖനനവും ചെങ്കല്‍ വെട്ടും തകൃതിയില്‍ നടക്കുന്ന മേഖലയില്‍ പ്രസിദ്ധമായ പല കുന്നുകളും ഇന്ന് ഓര്‍മയായി.
ബാക്കിയുള്ളവ വിസ്മൃതിയിലേക്ക് അടുക്കുന്നു.ആനക്കര, പട്ടിത്തറ, കപ്പൂര്‍ തുടങ്ങി തൃത്താലയുടെ വിവിധ പ്രദേശങ്ങളില്‍ അനധികൃത ചെങ്കല്‍ ഖനനം നടക്കുന്നതായ പരാതി ഉയര്‍ന്നിട്ട് കാലമേറെയായി.പതിറ്റാണ്ടുകളായി നടക്കുന്ന ചെങ്കല്‍ ഖനനത്തിന് അടുത്താകലത്താണ് വേഗം കൂടിയത്.
പ്രദേശങ്ങളില്‍ അനധികൃതമായി മണ്ണെടുപ്പ് നടത്തിയതിന് ടിപ്പറുള്പ്പെടെയുള്ളവ പിടിച്ചെടുക്കാറുണ്ട്. എന്നാല്‍ ഇവയൊന്നും കരിങ്കല്‍, ചെങ്കല്‍ ഖനനം നടത്തുന്നതിന് തടസ്സമാകാറില്ല.ആനക്കരയിലെ മലമല്‍ക്കാവ്, മുണ്ടക്കോട്, ആനക്കര എന്നിവിടങ്ങളിലും, കപ്പൂര്‍ പഞ്ചായത്തിലും കല്ലുവെട്ട് കേന്ദ്രങ്ങള്‍ വ്യാപകമാണ്. കുമരനെല്ലൂര്‍, വെള്ളാളൂര്‍ നരിമാളന്‍ കുന്നും കല്ല് വെട്ടി നശിപ്പിച്ചതില്പ്പെടുന്ന സ്ഥലങ്ങളാണ്. പറക്കുളം എറവക്കാട് എന്നിവിടങ്ങളിലും സ്ഥിതി ഇതുതന്നെ. പട്ടിത്തറയില്‍ പല ഭാഗങ്ങളിലും കല്ലുവെട്ടു കേന്ദ്രങ്ങള്‍ സജീവമാണ്.
ആലൂര് ,അരിക്കാട് എന്നിവിടങ്ങളിലാണ് കരിങ്കല്ലും ചെങ്കല്ലും ഖനനം നടത്തുന്ന മറ്റു സ്ഥലങ്ങള്‍.നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളിലും കല്ല്വെട്ട് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.വ്യാപകമായ കുന്നിടിക്കലിന്റെ കൂടി ഫലമായി വലിയ തോതിലുള്ള ജലക്ഷാമമാണ് തൃത്താല ഭാഗങ്ങളില്‍ അടുത്ത കാലങ്ങളില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
നിശ്ചിത അളവ് മണ്ണ് മാത്രമെ എടുക്കാവൂ എന്ന് ജിയോളജി വകുപ്പിന്റെ നിയന്ത്രണം ഉണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. വേനലെത്തുന്നതിന് മുമ്പേ തന്നെ വരള്‍ച്ചയുടെ ഭീകരത അറിയിച്ചുകൊണ്ട് കിണറുകളും കുളങ്ങളും വറ്റിവളരുന്നു. ഒരു നാടിനെ ഭീതിയിലാഴ്ത്തുന്ന തരത്തില്‍ ഭൂമിതുരന്ന് പാതാളം കാണുന്ന സ്ഥിതിയാണ് മിക്ക കല്ലവെട്ട് കേന്ദ്രങ്ങളിലും.തൃത്താല ഭാഗങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ ഭൂചലനങ്ങളും അധികാരികളെ ഉണര്‍ത്തുന്നില്ല എന്നതിലാണ് ജനങ്ങള്‍ക്ക് ആശങ്ക.പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്ന ഖനന മേഖലകള്‍ നിയന്ത്രിക്കേണ്ടതുണ്ടെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: