ചിറ്റൂര്‍ : തത്തമംഗലം അങ്ങാടി വേലയോടനുബന്ധിച്ച് നടക്കുന്ന ആനവേലയില്‍ നാട്ടാന പരിപാലന നിയമം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ടു.
വന്യജീവി സംരക്ഷണ നിയമം, ജന്തു ദ്രോഹ നിവാരണ നിയമം എന്നിവ ഉറപ്പാക്കാന്‍ തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേതക്കമ്മിറ്റി, പാലക്കാട് ജില്ലാ കലക്റ്റര്‍, വനം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി എന്നിവരോട് ആവശ്യപ്പെട്ടു.
ഇതില്‍ വീഴ്ച പറ്റിയാല്‍ ക്ഷേത്രക്കമ്മറ്റി ഭാരവാഹികള്‍, സ്പോണ്സര് ചെയ്യുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമ നടപടികള്‍ക്ക് വിധേയരാകും. അങ്ങാടി വേലയില്‍ ആന വേലയില്‍ കഴിഞ്ഞ വര്‍ഷം ആപത്തില്ലെങ്കിലും വായിറക്കം കൊണ്ട് ആനകള്‍ ഓടിയ സംഭവം, വേല തുടങ്ങുന്നതിന് മുന്‍പ് ഇടഞ്ഞോടിയ സംഭവം എന്നിവ കമ്മറ്റിക്കാരെ ബോധ്യപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ക്ക് കമ്മറ്റിയോ സ്പോണ്‍സര്‍മാരോ ഉത്തരവാദികളല്ലെന്ന് പറഞ്ഞതിനാലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് കത്തു നല്‍കിയിരിക്കുന്നത്. ആനകള്‍ മൂലം ഉണ്ടാവുന്ന നാശ നഷ്ടങ്ങള്‍ക്ക് ബന്ധപ്പെട്ട എല്ലാവരും വന്യജീവി സംരക്ഷണ നിയമം, നാട്ടാന പരിപാലന നിയമം, ജന്തു ദ്രോഹ നിവാരണ നിയമം തുടങ്ങിയവ ബാധകമാണെന്നതിനാല്‍ അത് ബോധ്യപ്പെടുത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ പ്രോജക്ട് ഓഫീസര്‍ എസ്.ഗുരുവായൂരപ്പന്റെ നേതൃത്വത്തില്‍ നടത്തി.
കഴിഞ്ഞ ശനിയാഴ്ച നടന്ന കുതിരവേലയില്‍ ബൈക്ക് യാത്രക്കാരനെ കുതിരയിടിച്ചു വീഴ്ത്തി ഗുരുതരമായ പരിക്കോടെ ആശുപത്രിയിലാക്കിയിരുന്നു. പക്ഷെ കേസെടുക്കാതെ പ്രശ്നം ഒതുക്കി തീര്‍ത്തിരുന്നു.
അതികഠിനമായ ചൂട്, ജലാശയങ്ങളുടെ വരള്‍ച്ച, ഉത്സവങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തത്തിലുള്ള ഉയര്‍ച്ച, സ്ഥല പരിമിതി, അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ സാങ്കേതികവും സമയാധിഷ്ഠിതമായ പോരായ്മകളും, പങ്കെടുക്കുന്ന ജീവികളുടെ ശാരീരികമാനസിക അവസ്ഥകള്‍ എന്നിവ ആന പരിപാലനത്തില്‍ ഈ സീസണില്‍ പ്രത്യേകം പരിഗണിക്കേണ്ടതാണ് എന്നും കത്തില്‍ പറയുന്നു.
വ്രണങ്ങളും രോഗാതുരമായതും, കാഴ്ച ശേഷി ഇല്ലാത്തതും ശാരീരിക ക്ഷമത ഇല്ലാത്തതുമായ ആനകളെ കൊണ്ടുവരുന്നില്ലെന്നും ബന്ധപ്പെട്ട അസ്സല് രേഖകള്‍ ഉണ്ടെന്നും പരിശീലനം സിദ്ധിച്ച നല്ല പാപ്പാന്മാര് ഉണ്ടെന്നും, ആനകളെ ഉത്സവത്തിന് ഒരുദിവസമെങ്കിലും മുന്നേ കൊണ്ടുവന്ന് നല്ല ഭക്ഷണവും ഉറക്കവും വിശ്രമവും ഉറപ്പാക്കണമെന്നും ഉത്സവ ശേഷം ആറുമണിക്കൂര്‍ എങ്കിലും വിശ്രമിച്ചു മാത്രം യാത്ര തുടരുന്നുണ്ടെന്നും ഉറപ്പുവരുത്തുക,ആന ഉത്സവ സമയത്ത് നിയമാനുസൃതമായ സ്ഥലവും കുടിവെള്ള സൗകര്യമുള്‍പ്പെടെയുള്ളവ, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരുടെ സഹായം ഉറപ്പുവരുത്തേണ്ട ആവശ്യകതയും വനം വകുപ്പ്, ജില്ലാ ഭരണകൂടം, പോലീസ് വകുപ്പ് അമ്പലക്കമ്മറ്റി ഭാരവാഹികള്‍ എന്നിവരെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: