തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഒളിമ്പിക് ടാസ്‌ക് ഫോഴ്സ് പദ്ധതിയുടെ പ്രതിനിധി ഓം പതക്ക് കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെയും കായിക യുവജനകാര്യ മന്ത്രാലയത്തിന്റെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
കേരളത്തിലെ താരങ്ങള്‍ക്ക് ഒളിമ്പിക്സില്‍ മെഡല്‍ നേടാന്‍ തയ്യാറാക്കിയ ഓപ്പറേഷന്‍ ഒളിമ്പിയ പദ്ധതിയടക്കമുള്ള കാര്യങ്ങള്‍ സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍ ഓം പതക്കിനു മുന്നില്‍ അവതരിപ്പിച്ചു. 2024 ലെ ഒളിമ്പിക്സില്‍ ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് മെഡല്‍ നേടാനായി രൂപീകരിച്ച കേന്ദ്ര സംവിധാനമാണ് ഒളിമ്പിക് ടാസ്‌ക് ഫോഴ്സ്.
500 കോടിയില്‍ താഴെ ചെലവു വരുന്ന പദ്ധതിയാണ് കേരളം സമര്‍പ്പിച്ചത്. 250 താരങ്ങള്‍ക്ക് ഒളിമ്പിക്സിനുള്ള ഒരുക്കത്തിനായി ഇതിനുള്ള പ്രയോജനം ലഭിക്കും. കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ജൂലൈയില്‍ ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് പതക്ക് പത്രസമ്മേളനത്തില്‍ പറഞ്ഞു.
അന്താരാഷ്‌ട്ര തലംവരെ എത്താതെ പോകുന്ന, ദേശീയ തലത്തില്‍ മികവു തെളിയിക്കുന്ന കായിക താരങ്ങള്‍ക്ക് ഏഴു മുതല്‍ പത്തുലക്ഷം രൂപ വരെ വാര്‍ഷിക ഫെലോഷിപ്പും സംസ്ഥാനതലം വരെ എത്തിയവര്‍ക്ക് അഞ്ചുലക്ഷം രൂപവരെ വാര്‍ഷിക ഫെലോഷിപ്പും നല്‍കുന്ന പദ്ധതി നടപ്പാക്കണമെന്ന നിര്‍ദ്ദേശം കേരളം ടാസ്‌ക് ഫോഴ്സിനു മുന്നില്‍ സമര്‍പ്പിച്ചു. പരിക്കേറ്റ് കരിയര്‍ അവസാനിച്ച താരങ്ങള്‍ക്കായും പ്രത്യേക പദ്ധതി നടപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഓപ്പറേഷന്‍ ഒളിമ്പിയ പ്രകാരം ഒളിമ്പിക്സിന് മെഡല്‍ നേടാന്‍ സാധ്യതയുള്ള 11 ഇനങ്ങളിലാണ് കേരളം കായിക താരങ്ങളെ പരിശീലിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.
പത്രസമ്മേളനത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, സെക്രട്ടറി സഞ്ജയന്‍കുമാര്‍, വൈസ് പ്രസിഡന്റ് മേഴ്സിക്കുട്ടന്‍ എന്നിവരും പങ്കെടുത്തു.
















