തിരുവനന്തപുരം: വിഐപികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിന് അനുകൂല പ്രതികരണവുമായി ഗവര്‍ണ്ണറും സംസ്ഥാന മന്ത്രിമാരും. എന്നാല്‍ ഉത്തരവ് വന്നശേഷം പരിശോധിക്കാമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും.
മെയ് ഒന്നു മുതല്‍ ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് തടയാനാണ് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. എന്നാല്‍ തീരുമാനം വന്നയുടന്‍തന്നെ പല സംസ്ഥാനങ്ങളും അനുകൂല പ്രതികരണവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഗവര്‍ണ്ണറും സംസ്ഥാന മന്ത്രിമാരില്‍ ചിലരും ബീക്കണ്‍ ലൈറ്റ് മാറ്റിയത്. ഗവര്‍ണറുടെയും രാജ്ഭവനിലെ വിവിധ ജീവനക്കാരുടെയും വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍ രാവിലെ തന്നെ മാറ്റി.
ധനമന്ത്രി തോമസ് ഐസക്കും ജലവിഭവമന്ത്രി മാത്യു ടി. തോമസും ഔദ്യോഗിക വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍ നീക്കം ചെയ്തു. ബീക്കണ്‍ ലൈറ്റ് ഇല്ലാതെയാണ് ഇരുവരും മന്ത്രിസഭാ യോഗത്തിന് എത്തിയത്. ഇവര്‍ക്ക് പിന്നാലെ മന്ത്രിമാരായ എ.കെ. ബാലനും ഇ. ചന്ദ്രശേഖരനും സി. രവീന്ദ്രനാഥും ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മേയര്‍ വി.കെ. പ്രശാന്ത് എന്നിവരും ബീക്കണ്‍ ലൈറ്റ് ഒഴിവാക്കി.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ബീക്കണ്‍ ലൈറ്റ് മാറ്റാന്‍ തീരുമാനിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ തീരുമാനത്തില്‍ നിന്നു പിന്തിരിഞ്ഞു. കേന്ദ്രത്തില്‍ നിന്ന് ഉത്തരവ് വന്ന ശേഷം ഒരുമിച്ച് മാറ്റാമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ബീക്കണ്‍ലൈറ്റ് നീക്കം ചെയ്ത മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിച്ച് നീരസം അറിയിച്ചിട്ടുണ്ട്. അതേസമയം തമിഴ്‌നാട്, ഒഡീഷ, രാജസ്ഥാന്‍, ഗുജറാത്ത്, ഗോവ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാര്‍ വാഹനങ്ങളില്‍ നിന്നു ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയിട്ടുണ്ട്.
















