തിരുവനന്തപുരം: കരമന-കളിയിക്കാവിള പാതയുടെ ദേശീയപാത പദവി എടുത്തുമാറ്റി ജില്ലാ പാതയാക്കി മാറ്റിയതില്‍ കരമന – കളിയിക്കാവിള ദേശീയപാത വികസന ആക്ഷ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. എ.എസ്.മോഹന്‍കുമാറും ജനറല്‍ സെക്രട്ടറി എസ്.കെ.ജയകുമാറും പ്രതിഷേധം രേഖപ്പെടുത്തി. രാജഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ രാജപാത കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി അന്തര്‍സംസ്ഥാന പാതയെന്ന നിലയില്‍ എന്‍.എച്ച്.47 ന്റെ ഭാഗമായും പിന്നീട് എന്‍.എച്ച് 66 ന്റെ ഭാഗമായും മാറി. കഴക്കൂട്ടം-കാരോട് ബൈപാസ് പുതിയ ദേശീയപാതാ പദവിയിലേക്ക് മാറുമ്പോല്‍ സ്വാഭാവികമായും സംസ്ഥാന പാതയെങ്കിലും ആകേണ്ട കരമന-കളിയിക്കാവിള പാതയെ മദ്യമുതലാളിമാരുടെ താല്പര്യം സംരക്ഷിക്കുവാന്‍ ജില്ലാ പാതയാക്കി മാറ്റിയത് കടുത്ത അനീതിയാണ്. തലസ്ഥാന ജില്ലയിലെ തെക്കന്‍ ഭാഗത്തോട് കാലങ്ങളായി സര്‍ക്കാര്‍ തുടരുന്ന അവഗണനയാണ് ദേശീയപാതയുടെ കാര്യത്തിലും സ്വീകരിച്ചതെന്ന് ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി.
















