പന്തളം: പാണില്‍ ജംഗ്ഷനില്‍ പുതിയതായി തുടങ്ങിയ ബിവറേജസ് കോര്പ്പറേഷന് മദ്യ വില്പനശാല അവിടെത്തന്നെ നിലനിര്‍ത്താനായി ഡിവൈഎഫ്ഐ സംഘം കെപിഎംഎസിന്റെ അധീനതയിലുള്ള പുരാതനക്ഷേത്രം തകര്‍ക്കുകയും പൂജാരിയെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തതായി പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കമ്മിറ്റിയംഗവും ക്ഷേത്ര പൂജാരിയുമായ കെ.വി. കുഞ്ഞുപിള്ള(57)യെ പന്തളം മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് കുളനട പഞ്ചായത്തില്‍ കെപിഎംഎസും സംഘപരിവാര്‍ സംഘടനകളും ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ ആചരിക്കും. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് 20ഓളം വരുന്ന അക്രമി സംഘം ക്ഷേത്രം തകര്‍ത്തത്. കെപിഎംഎസിന്റെ വക 150 വര്‍ഷത്തിലേറെ പഴക്കമുള്ള പുരാതനമായ ശ്രീകുരുംബ ഭദ്രകാളിക്ഷേത്രത്തിനു നേരെയാണ് അക്രമമുണ്ടായത്. പൂജാരിയുള്‍പ്പെടെ ഭരണസമിതിയിലെ 4 പേര് അക്രമം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്നു. 8 ബൈക്കുകളിലായി അക്രമിസംഘമെത്തിയപ്പോള് മൂന്നുപേര്‍ ഓഫീസിലേക്ക് ഓടിക്കയറി രക്ഷപെട്ടെങ്കിലും കുഞ്ഞുപിള്ള അക്രമി സംഘത്തിന്റെ പിടിയിലായി. ക്ഷേത്ര ശ്രീകോവിലിലെ വാളെടുത്തു കുഞ്ഞുപിള്ളയുടെ കഴുത്തില്‍ വച്ചു ഭീഷണിപ്പെടുത്തിയ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വിളക്കുകളും പൂജാ സാധനങ്ങളും ശൂലവും വാളും നശിപ്പിച്ച സംഘം ക്ഷേത്ര ശ്രീകോവിലും തകര്‍ത്തു. മദ്യശാല നിലനിര്‍ത്താന്‍ ക്ഷേത്രം തകര്‍ക്കാന്‍ സിപിഎം നീക്കമാരംഭിച്ചതായി സൂചന കിട്ടിയതിനാല്‍ ക്ഷേത്രഭരണസമിതിയംഗങ്ങള്‍ ഇവിടെ രാത്രിയിലും കാവല്‍ നിന്നു വരികയായിരുന്നു. ഇവരെയാണ് സംഘം ആക്രമിച്ചത്. ഹൈവേകള്‍ക്കു സമീപമുള്ള മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീം കോടതി വിധിയേത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് കുളനടയില്‍ നിന്നും മദ്യ വില്പനശാല പാണില്‍ ജംഗ്ഷനിലേക്കു മാറ്റിയിരുന്നു. ആരാധനാലയങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും പട്ടികജാതി കോളനികള്‍ക്കും 100 മീറ്ററിനുള്ളില്‍ മദ്യശാല പ്രവര്‍ത്തിക്കരുതെന്ന നിയമം ലംഘിച്ചാണ് ഇവിടെ ക്ഷേത്രത്തിനു തൊട്ടടുത്ത് മദ്യവില്പനശാല തുടങ്ങിയത്. അന്നു മുതല്‍ രാഷ്ട്രീയത്തിനതീതമായി ഇതിനെതിരെ നാട്ടുകാരുടെ സമരം നടന്നു വരികയാണ്. അംബേദ്കര്‍ കോളനിയും മദ്യശാലയില്‍ നിന്നും നൂറു മീറ്ററിനുള്ളില്ത്തന്നെയാണു സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: