നിലമ്പൂര്‍: കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനപൂര്‍വ്വം ദ്രോഹിക്കുകയാണെന്ന് ആരോപിച്ച് സ്വകാര്യ ബസ് ഉടമ ഡിപ്പോക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. വാണിയമ്പലം സ്വദേശി ഫിഷറാണ് സമരരംഗത്തുള്ളത്. പ്രവാസ ജീവിതത്തില്‍ നിന്നുള്ള സമ്പാദ്യം ഉപയോഗിച്ച് ഫിഷര്‍ ജീവിതമാര്‍ഗമെന്ന രീതിയില്‍ ഒരു ബസ് സര്‍വീസ് ആരംഭിച്ചിരുന്നു. ഈ ബസിന്റെ സമയത്ത് തന്നെ കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുകയാണ്. കളക്ഷനെ ബാധിക്കുകയും കടക്കെണിയിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് ഫിഷര്‍ സമരത്തിനിറങ്ങിയത്. ഈ സമരം കെഎസ്ആര്‍ടിസിക്ക് എതിരെയല്ല എന്ന ബോര്‍ഡ് സമരപന്തലിന് മുന്നില്‍ തന്നെ സ്ഥാപിച്ചിട്ടുണ്ട്. നിലമ്പൂര്‍ ഡിപ്പോയിലെ തൊഴിലാളികളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി കെഎസ്ആര്‍ടിസിയെ ദുര്‍വിനിയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം, വ്യക്തിഹത്യക്കായി കെഎസ്ആര്‍ടിസി സമയം തെറ്റിച്ച് ഓടിക്കുന്നത് നിര്‍ത്തണം. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനപരിശോധിക്കുക തുടങ്ങിയവയാണ് ഫിഷറിന്റെ ആവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: