വിഴിഞ്ഞം: സ്വന്തം വാര്‍ഡിന് അര്‍ഹമായ കുടിവെള്ളം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പറുടെ കുത്തിയിരിപ്പു പ്രതിഷേധ സമരം. ബാലരാമപുരം പഞ്ചായത്തിലെ ഇടമനകുഴി വാര്‍ഡിലെ ജനപ്രതിനിധിയും ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ എസ്. രാജേഷാണ് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പഞ്ചായത്തിലെ മേഖലകളില്‍ ടാങ്കറുകളിലാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ആഴ്ചയില്‍ ഒരുദിവസം ഒരു വാര്‍ഡില്‍ എന്ന നിലയിലാണ് വിതരണം നടക്കുന്നത്. മുന്‍ നിശ്ചയിച്ച പ്രകാരം തിങ്കളാഴ്ചയാണ് ഇടമനക്കുഴി വാര്‍ഡല്‍ വിതരണം നടക്കേണ്ടിയിരുന്നത്. എന്നാല്‍ അന്ന് വിതരണം ചെയ്തില്ല. അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അടുത്തദിവസം വിതരണം ചെയ്യാം എന്ന ഉറപ്പ് ലഭിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഒരു ടാങ്കറില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രം വെള്ളം എത്തിക്കുകയായിരുന്നു. കാത്തിരുന്നവര്‍ക്ക് വെള്ളം വിതരണം ചെയ്യാന്‍ ടാങ്കര്‍ എത്തിയില്ല. സമയമേറെ കഴിഞ്ഞിട്ടും ടാങ്കര്‍ എത്താത്തതിനാല്‍ നാട്ടുകാര്‍ ജനപ്രതിനിധിയോട് പരാതിപ്പെട്ടു. അന്വേഷണത്തില്‍ കുടിവെള്ളത്തിനായി പിന്നീട് കൊണ്ടുവന്നവ പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡിലുള്ള കല്യാണ വീട്ടിലെ പാത്രങ്ങള്‍ കഴുകാനായി കൊണ്ടു പോയതാണെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് ജനപ്രതിനിധി സമരവുമായി എത്തിയത്. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തില്‍ ബിജെപി ജനപ്രതിനിധികളുടെ വാര്‍ഡിനോട് നിരന്തര അവഗണനയാണ് കാണിക്കുന്നത് എന്ന് ഇദ്ദേഹം ആരോപിച്ചു. കുടിവെള്ളം വിതരണം അട്ടിമറിച്ച് ജനങ്ങളെ ബിജെപിക്കെതിരെ ഇളക്കിവിടാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും രാജേഷ് പറയുന്നു. ഒടുവില്‍ ഉന്നത ഉദ്ദ്യോഗസ്ഥന്‍മാര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ വൈകിട്ടോടെ കുടിവെള്ളം വിതരണം ചെയ്തശേഷമാണ് സമരം അവസാനിച്ചത്.
















