കൊല്ലങ്കോട്: പാലക്കാട് പൊള്ളാച്ചി ബ്രോഡ് ഗേജ് ലൈനില്‍ കൊല്ലങ്കോട് സ്റ്റേഷന് ഉള്‍പ്പെടുന്നതും ഹോം സിഗ്നല്‍ പരിധിക്ക് തൊട്ടുള്ള കാരപ്പറമ്പ് റിവര്‍ ബ്രിഡ്ജിനെ അടുത്തായുള്ള റെയില്‍വേ തുരങ്ക പാതയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.
2008ല്‍ മീറ്റര്‍ ഗേജില്‍ നിന്നും ബ്രോഡ് ഗേജാക്കി മാറ്റി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ എട്ടു വര്‍ഷമെടുത്തെങ്കിലും ട്രെയിന്‍ ഓടാന്‍ തുടങ്ങിയതോടെ ആളില്ലാത്ത ലെവല്‍ ക്രോസുകള്‍ ഭീഷണിയായി തുടരുകയാണ്. റെയില്‍വേയുടെ കണക്കനുസരിച്ച് ആളില്ലാത്ത ലെവല്‍ ക്രോസുകളില്‍ ജീവനക്കാരെ വെച്ചാല്‍ അവര്‍ക്കുള്ള ശമ്പളം അലവന്‍സ് മറ്റ് ആനുകൂല്യങ്ങള്‍ കണക്കിലെടുത്താല്‍ ഭാരിച്ച തുക വേണ്ടിവരും.
ഇതിനു പരിഹാരമായി ആളില്ലാ ലെവല്‍ ക്രോസ്സുകളെല്ലാം അടച്ചു പകരം സമീപത്തായി റെയില്വേതുരങ്ക പാത പൊതുജനങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചു.റെയില്‍വേ വരുന്നതിനു മുമ്പുണ്ടായിരുന്ന പാതയും പിന്നീട് റെയില്‍വേ ക്രോസായി മാറിയ കാരപ്പറമ്പ് ലെവല്‍ ക്രോസ് അടച്ചിടാന്‍ റെയില്‍വേ ഒരുങ്ങിയപ്പോള്‍ പ്രദേശവാസികള്‍ ഈ നീക്കത്തെ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് തുരങ്ക പാത നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
ആളില്ലാ ലെവല്‍ ക്രോസില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ തുരങ്ക പാത പൂര്‍ത്തിയാകുന്നതോടെ ഒഴിവാക്കാനാകും. വരും ദിവസങ്ങളില്‍ കുടുതല്‍ ട്രെയിനുകള്‍ പാലക്കാട് പൊള്ളാച്ചി ലൈനിലൂടെ ഓടിത്തുടങ്ങിയാല്‍ ലെവല്‍ ക്രോസില്‍ കുടുങ്ങി കിടക്കാതെ യാത്ര തുടരാന്‍ കാരപ്പറമ്പിലെ റെയില്‍വേ തുരങ്ക പാതയിലൂടെയാകും. ഊട്ടറ- കൊല്ലങ്കോട് റെയില്‍വേ മേല്‍പ്പാലം യാഥാര്ത്യമാകുന്നതുവരെ ലെവല്‍ ക്രോസില്‍ കുടുങ്ങാതെ ചെറുവാഹനങ്ങള്‍ ഇതുവഴി കടന്നു പോകാന്‍ കഴിയും. മിക്ക സമയങ്ങളിലും ആംബുലന്‍സ്, അഗ്നിശമന സേനയുടെ വാഹനങ്ങള്‍ ഇവിടെ ഗതാഗതകുരുക്കില്‍ കുടുങ്ങാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: