പരപ്പനങ്ങാടി: പുഴ ആഴങ്ങളിലേക്ക് ചുരുങ്ങിയതോടെ ജല അതോറിറ്റിയുടെ വേങ്ങര, കല്ലക്കയം, പാലത്തിങ്ങല്‍ പമ്പ് ഹൗസുകളിലെ പമ്പിംങ് പൂര്‍ണ്ണമായും നിലച്ചു. കക്കാട്, വാക്കിക്കയം പമ്പ് ഹൗസുകളുടെ പ്രവര്‍ത്തനം ഭാഗികമായാണ് നടക്കുന്നത്.
പമ്പിംങ് മുടങ്ങിയതോടെ ജല അതോറിറ്റിയുടെ വെള്ളം ആശ്രയിച്ചിരുന്ന കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. ജില്ലാ വരള്‍ച്ചാ ഫണ്ട് ഉപയോഗിച്ച് തിരുരങ്ങാടി നഗരസഭയിലേക്ക് കുടിവെള്ളം പമ്പ് ചെയ്തിരുന്ന കല്ലക്കയം പമ്പ് ഹൗസില്‍ പൈപ്പ് എക്സ്റ്റന്‍ഷന്‍ ജോലികള്‍ നടക്കുന്നുണ്ട്. പുഴയില്‍ നിന്നും നേരിട്ട് പ്ലാന്റിലേക്ക് പമ്പ് ചെയ്യുന്ന രീതി എത്രത്തോളം പ്രയോജനപ്പെടുമെന്ന കാര്യത്തില്‍ അധികൃതര്‍ക്കു തന്നെ ഉറപ്പില്ല. വരള്‍ച്ച മുന്‍ക്കൂട്ടി കണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ വകുപ്പുതലത്തില്‍ എടുത്തിരുന്നുവെങ്കില്‍ കുടിവെള്ള ക്ഷാമം ഇത്ര രൂക്ഷമാകില്ലായിരുന്നു. പരപ്പനങ്ങാടി, വള്ളിക്കുന്ന് പഞ്ചായത്തുകളിലേക്ക് വെള്ളം കൊടുത്തിരുന്ന പാലത്തിങ്ങല്‍ പമ്പ് ഹൗസ് പമ്പിംങ് നിര്‍ത്തിയിട്ട് പത്ത് ദിവസത്തോളമായി. വേനല്‍ ഇനിയും രണ്ടുമാസം നീളുമെന്നിരിക്കെ കുടിവെളളക്ഷാമം കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: