തിരുവനന്തപുരം: കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീനാരായണീയരെ അപമാനിച്ചിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ സുരേഷ്. ഗുരുദേവന്റെ ചിത്രം സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന് സ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നു. ഈ രാജ്യത്തെ നവോത്ഥാന ദര്‍ശനങ്ങളെ പ്രചരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് കോണ്‍ഗ്രസ് ഇതിലൂടെ മുന്നോട്ട് വയ്‌ക്കുന്നത്. കോണ്‍ഗ്രസിന്റെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തില്‍ അഭിപ്രായം പറയാന്‍ ബിജെപിക്ക് താല്‍പ്പര്യമില്ല. എന്നാലിവിടെ മതേതരത്വത്തിന്റെ അടയാളമായി നാം നെഞ്ചേറ്റിയ ശ്രീനാരായണ ഗുരുദേവന്റെ ചിത്രം പ്രചരിപ്പിക്കാനുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെയാണ് ഹനിച്ചിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് ശ്രീനാരായണീയ പ്രസ്ഥാനത്തോടും പൊതുസമൂഹത്തോടും മാപ്പ് പറയുവാനുള്ള ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















