ഒലവക്കോട് : അക്ഷയ കേന്ദ്രങ്ങളുടെ നിലനില്‍പ്പിന് വ്യാജകേന്ദ്രങ്ങള്‍ ഭീഷണിയാവുന്നു. സംസ്ഥാനത്തുടനീളം 2500ലധികം അക്ഷയ കേന്ദ്രങ്ങളും അത്രത്തോളം വ്യാജകേന്ദ്രങ്ങളുമുണ്ട്.
അക്ഷയ കേന്ദ്രത്തിന്റെ പേരിനോട് സാമ്യമുള്ള പേരിലാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെ സേവനത്തിന് അമിത തുക ഈടാക്കുന്നതായി ആക്ഷേപമുണ്ട്. സേവന, ജനസേവന തുടങ്ങിയ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തു നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമെന്നു തെറ്റിദ്ധരിച്ച് ഇവിടങ്ങളില്‍ സര്‍ട്ടിഫിക്കറ്റിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ജനങ്ങള്‍ വരുന്നു. വ്യാജകേന്ദ്രങ്ങളെ കൂടാതെ ബാങ്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാവുന്നു. ജനങ്ങള്‍ക്ക് ആവശ്യമായ വിവിധ രേഖകള്‍ക്കായി അപേക്ഷ നല്‍കാനും അവ വേഗം ലഭ്യമാക്കാനും 2004 ലാണ് അക്ഷയ കേന്ദ്രം ആരംഭിച്ചത്.
സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ അക്ഷയ കേന്ദ്രം മുഖേന നടപ്പാക്കി. ഇ-ഡിസ്ട്രിക്ട്, ഇ-ലേണിങ്, ഇ-സാക്ഷരത എന്നീ പദ്ധതികള്‍ പ്രധാനപ്പെട്ടതാണ്. പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍, പാന്‍, റേഷന്‍ തുടങ്ങിയ കാര്‍ഡുകളാണ് അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്നത്. വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കേണ്ട മറ്റ് സര്‍ട്ടഫിക്കറ്റുകളും അക്ഷയ കേന്ദ്രം മുഖേന വിതരണം ചെയ്യുന്നു.
ഈ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്കില്ലാത്തതിനാല്‍ വ്യാജകേന്ദ്രങ്ങളില്‍ അമിത തുക ഈടാക്കുന്നു. ആധാര്‍കാര്‍ഡിലെ തെറ്റ് തിരുത്താനും പുതിയ വിവരം ചേര്‍ക്കാനും സാധാരണയായി അക്ഷയ കേന്ദ്രം 50 രൂപയും തിരിച്ചറിയല്‍ കാര്‍ഡിന് 25 രൂപയുമാണ് വാങ്ങുക. എന്നാല്‍, പാന്‍ കാര്‍ഡിനും റേഷന്‍കാര്‍ഡിനും ഏകീകൃത നിരക്കില്ല. ഇത് പലയിടത്തും അമിത തുക ഈടാക്കാന്‍ കാരണമാവുന്നു. വ്യാജകേന്ദ്രങ്ങളില്‍ എല്ലാ സേവനങ്ങള്‍ക്കും അമിത തുക ഈടാക്കുന്നു. വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റ് ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കാനാകുമെങ്കിലും ഓഫീസര്‍മാരുടെ അനാവശ്യ ഇടപെടല്‍ പദ്ധതിയെ പിന്നോട്ടടിപ്പിച്ചു. പദ്ധതിയില്‍ സ്റ്റാമ്പ് ഉള്‍പ്പെടെ ഒരു സര്‍ട്ടിഫിക്കറ്റിന് 17 രൂപ ചാര്‍ജാകുമെങ്കിലും ഏഴുരൂപ സര്‍ക്കാരിന് നല്‍കണം. സ്കാനിങ്ങും പ്രിന്റും അടക്കം എട്ടുരൂപയും കൂട്ടി 18 രൂപ ലഭിക്കും. ഈ വിഭാഗത്തിലും വ്യാജകേന്ദ്രങ്ങള്‍ അമിത തുക ഈടാക്കുന്നു. എല്ലാ വീടുകളിലും കംപ്യൂട്ടര്‍ സാക്ഷരത പദ്ധതിയായ ഇ-സാക്ഷരത അക്ഷയ കേന്ദ്രം മുഖേന നടപ്പാക്കിയതെങ്കിലും ഗുണഭോക്താക്കളുടെ വിമുഖതയും തദ്ദേശ സ്ഥാപനങ്ങളുടെ അനാസ്ഥയും പദ്ധതി നൂറുശതമാനം വിജയത്തിന് തടസ്സമായി.
ആദായനികുതി വകുപ്പ് ഏര്‍പ്പെടുത്തിയ ഏജന്‍സിയാണ് പാന്‍കാര്‍ഡ് വിതരണം ചെയ്യുന്നത്. കാര്‍ഡിനായി ജില്ലാ ആസ്ഥാനങ്ങളില്‍ സ്വയം ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. പരമാവധി 150 രൂപയോളം ചെലവാകും. അക്ഷയ കേന്ദ്രങ്ങളില്‍ 1700രൂപയാകുന്ന പാസ്പോര്‍ട്ടിന് വ്യാജകേന്ദ്രങ്ങള്‍ 2000 രൂപ വരെ വാങ്ങുന്നു.
മൂന്നു ഡെപ്പോസിറ്റിനു ശേഷമുള്ളതിന് 50 രൂപ വീതം ചാര്‍ജ് ഈടാക്കുന്ന ബാങ്ക് നടപടി പ്രതിമാസം ശരാശരി 20 തവണ ഡെപ്പോസിറ്റ് ചെയ്യുന്ന അക്ഷയ കേന്ദ്രങ്ങളുടെ കീശ കാലിയാക്കും. അക്ഷയ കേന്ദ്രങ്ങള്‍ക്ക് പ്രതിമാസം 200 രൂപ ഫണ്ട് നല്‍കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല. 2004 ലാണ് ഈ കേന്ദ്രങ്ങളെ കോമണ്‍ സര്‍വീസ് കേന്ദ്രമായി പ്രഖ്യാപിച്ചത്.
സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തിയാല്‍ ഒരു പരിധിവരെ ഈ മേഖലയിലെ ചൂഷണം ഒഴിവാക്കാനാകും. അതിനൊപ്പം വ്യാജസ്ഥാപനങ്ങളെ നിയന്ത്രിക്കുകയും വേണമെന്ന് ജില്ലാ പോഗ്രാം മാനേജര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: