കൊല്ലങ്കോട് : പറമ്പിക്കുളം വനമേഖലയിലെ അല്ലിമൂപ്പന്‍ കോളനിയില്‍ താമസിക്കുന്ന അറുപതോളം ആദിവാസി കുടുംബങ്ങള്‍ക്കുള്ള കുടിവെള്ളപദ്ധതി അധികൃതരുടെ അനാസ്ഥമൂലം കടലാസിലൊതുങ്ങി.
എസ്.സി, എസ്.ടി. ഫണ്ടില്‍നിന്നും ജില്ലാ കളക്റ്ററുടെ പ്രത്യേക ഉത്തരവ് പ്രകാരം 22 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി കേരള വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയത്. അല്ലിമൂപ്പന്‍ കോളനിയുടെ മുകളിലായുള്ള അരുവിയില്‍ നിന്നും ചോലയിലെ വെള്ളം പൈപ്പിട്ട് വീടുകളിലേക്ക് നേരിട്ട് വിതരണം ചെയ്യുന്നതാണ് പദ്ധതി. എന്നാല്‍ കുറച്ചുമാത്രം പ്രദേശത്ത് പൈപ്പുകള്‍ നിരത്തി ബില്ലും പാസാക്കി കരാറുകാരന് മുങ്ങിയതായാണ് ജനങ്ങളുടെ പരാതി.
കൃത്യമായ പരിശോധനകള്‍ ഉദ്യോഗസ്ഥര്‍ നടത്താത്തതിനാല്‍ ഉപയോഗിച്ച പൈപ്പുകളുടെ വലിപ്പത്തിലും ഗുണനിലവാരത്തിലും അഴിമതിയുള്ളതായും നാട്ടുകാര്‍ ആരോപിക്കുന്നു. ആറുമാസങ്ങള്‍ക്ക് മുന്‍പ് പണിതുടങ്ങിയതായാണ് പറയപ്പെടുന്നത്. എന്നാല്‍ കുറെ പൈപ്പുകള്‍ പല സ്ഥലങ്ങളിലായി സ്ഥാപിച്ചതല്ലാതെ. ചോലയില്‍നിന്നും വെള്ളം എടുക്കുന്നതരത്തിലോ വീടുകളിലേക്ക് പൈപ്പുകള്‍ സ്ഥാപിക്കുകയോ ഇതുവരെയായി നടന്നിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പദ്ധതിയുടെ അഴുക്കുചാലിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ഒഴുകിയെത്തുന്ന വെള്ളമാണ് ഇപ്പോഴും ഇവിടത്തുകാര്‍ക്ക് കുടിക്കാനും കുളിക്കാനും ഏക ആശ്രയം.
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നും വനമേഖലയിലെ പൂപ്പാറ ആദിവാസി ഊരിലെ കുടിവെള്ളപ്രശ്നം ഒഴിവാക്കാന്‍ കുടിവെള്ളപദ്ധതിക്ക് 2016 – 2017 ബജറ്റില്‍ തുകവകയിരുത്തി വാട്ടര്‍ അതോറിറ്റിക്ക് സമര്‍പ്പിച്ചപ്പോള്‍ പറമ്പികുളത്തെ കുടിവെള്ളപദ്ധതി നടപ്പിലാക്കിയാല്‍ വകുപ്പിന് ലാഭമില്ലെന്നും നഷ്ടമാകുമെന്നതിനാല്‍ ഈ പദ്ധതി ഏറ്റെടുക്കാനാവില്ലെന്നും പറഞ്ഞ് ഒഴിവാക്കുകയും ചെയ്തതായി പറയുന്നു.
പറമ്പിക്കുളം സൗരോര്‍ജ്ജ വൈദ്യുതീകരണത്തിന്റെ ഭാഗമായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയാണ് ഉദ്ഘാടനത്തിനെത്തിയത്. വൈദ്യുതി മന്ത്രി സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തിയ തങ്കപ്പന്റെ വീട്ടില്‍ വീട്ടില്‍ സ്ഥാപിച്ച പൈപ്പിന്റെ കുറ്റി വെറുതെ നില്‍ക്കുകയല്ലാതെ വെള്ളം ലഭിച്ചില്ലന്നും പറയുന്നു.
അതെ സമയം പദ്ധതിയുടെ 25 ശതമാനം ഫണ്ട് മാത്രമേ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളു എന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: