തിരുവനന്തപുരം: മൃഗശാലയിലെ ഏക പുള്ളിപുലി സംഗീത ചത്തു. ആമേരിക്കന്‍ പുള്ളിപുലിയായ സംഗീത ഇന്നലെ രാവിലെ 11 ഓടെയാണ് ചത്തത്. പ്രായാധിക്യം കൊണ്ടുള്ള അസുഖങ്ങള്‍ കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാഴ്ചക്കാരില്‍ നിന്നും മാറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൂര്‍ണ്ണമായും കാഴ്‌ച്ച നശിച്ച് അവസ്ഥയിലായിരുന്നു സംഗീത. സാധാരണ പുള്ളിപുലികളുടെ ആയുസ് 17 വര്‍ഷമാണെങ്കിലും സംഗീതയ്‌ക്ക് 24 വയസ്സുണ്ടായിരുന്നു. 2003ല്‍ ഹൈദാരാബാദ് മൃഗശാലയില്‍ നിന്നും സല്‍മാന്‍ എന്ന ആണ്‍ പുള്ളിപ്പുലിക്കൊപ്പമാണ് സംഗീത മൃഗശാലയില്‍ എത്തുന്നത്. വെള്ളക്കടുവയെ കൊണ്ട് വരുന്നതിനായി ദല്‍ഹി മൃഗശാലയ്‌ക്ക് സല്‍മാനെ നല്‍കിയതോടെ സംഗീത ഒറ്റയ്‌ക്കായി. സല്‍മാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദല്‍ഹി മൃഗശാലയില്‍ മരിച്ചു. പാലോട് നിന്നെത്തിയ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ പോസ്റ്റ് മാര്‍ട്ടം നടത്തിയ മൃതദേഹം സംസ്‌കരിച്ചു. മൃഗശാലയിലേക്ക് ഒരു ജോഡി പുള്ളിപുലികളെ എത്തിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അധികൃതര്‍ അറിയിച്ചു. ജിറാഫ്, സീബ്ര എന്നിവയെ കൊണ്ട് വരുന്നതിന് കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ട് .ഇവയ്‌ക്ക് ഒപ്പം ഒരുജോഡി പുള്ളിപ്പുലികളെ കൂടി എത്തിയ്‌ക്കാനാണ് അധികൃതരുടെ ശ്രമം. ഇതിനായി ഇനി ഫോറസ്റ്റ് ആന്‍ഡ് എന്‍വയണ്‍മെന്റിന്റെ അനുമതി കൂടി ലഭിക്കണം.
















