കാട്ടാക്കട: ശ്രീനാരായണ ഗുരുദേവന്റെ ചിത്രങ്ങള്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി. ഗുരുദേവ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന ഡിസിസി പ്രസിഡന്റിന്റെ വിലക്ക് ലംഘിച്ച കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വണ്ടന്നൂര്‍ സന്തോഷിനെയാണ് മാറ്റിയത്. കാട്ടാക്കടയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ശനിയാഴ്ച നടത്താനിരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള ജനകീയ കൂട്ടായ്‌മയും ഇതോടെ മുടങ്ങി.
പരിപാടിയുടെ പ്രചാരണ ബോര്‍ഡുകള്‍ രാത്രിയില്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെ നശിപ്പിച്ചു. ശ്രീനാരായണ ഗുരുവിന്റെ ചിത്രങ്ങള്‍ ഫെയ്‌സ് ബുക്കിലൂടെ പ്രചരിപ്പിക്കരുതെന്ന ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലിന്റെ നിര്‍ദ്ദേശം ലംഘിച്ച കുറ്റത്തിനാണ് വണ്ടന്നൂര്‍ സന്തോഷിനെ മുന്നറിയിപ്പില്ലാതെ സ്ഥാനത്ത് നിന്നുനീക്കിയത്. കമ്മിറ്റി കൂടുകയോ വിശദീകരണം ചോദിക്കുകയോ ചെയ്യാതെ ചുമതലയില്‍ നിന്നും മാറ്റിയത് ചോദ്യം ചെയ്ത് വണ്ടന്നൂര്‍ സന്തോഷ് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കി. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റും, ശക്തന്‍ സ്പീക്കറായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും ആയിരുന്ന മുത്തുകൃഷ്ണനെയാണ് ബ്ലോക്ക് പ്രസിഡന്റിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
അരുവിപ്പുറത്തെ പരിപാടികളില്‍ ഡിസിസി പ്രസിഡന്റായ നെയ്യാറ്റിന്‍കര സനലിനെ ക്ഷണിച്ചില്ല. പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്ന സന്തോഷ് മന:പൂര്‍വം തന്നെ ഒഴിവാക്കിയതാണെന്ന് നെയ്യാറ്റിന്‍കര സനല്‍ കണക്കുകൂട്ടി. ഇതിന്റെയൊക്കെ പ്രതികാരമാണത്രെ പെട്ടന്ന് സന്തോഷിനെ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നുനീക്കാന്‍ ഡിസിസി പ്രസിഡന്റിനെ പ്രേരിപ്പിച്ചത്. ശനിയാഴ്ച കാട്ടാക്കടയില്‍ നടത്താനിരുന്ന ജനകീയ കൂട്ടായ്‌മയില്‍ വി.എസ്. ശിവകുമാര്‍ ആയിരുന്നു ഉദ്ഘാടകന്‍. ഇതിന്റെ ഭാഗമായി പട്ടണത്തില്‍ നിരവധി പ്രചാരണ ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. അഗതി മന്ദിരത്തിലെ പീഡനം ഉള്‍പ്പടെ വിവിധ പീഡന കേസുകളിലും, കഞ്ചാവ്, ചൂതുകളി കേസുകളിലും പ്രതികളാക്കപ്പെട്ട ജന പ്രതിനിധികള്‍ അടക്കമുള്ള നിരവധി നേതാക്കളെ വണ്ടന്നൂര്‍ സന്തോഷ് ബ്ലോക്ക് പ്രസിഡന്റായിരുന്ന കാലയളവില്‍ പുറത്താക്കിയിരുന്നു. ഇവരും സന്തോഷിനെ മാറ്റുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
















