ആറ്റിങ്ങല്‍: ഒരുകാലത്ത് വ്യാവസായിക ലോകത്ത് ആറ്റിങ്ങല്‍ അറിയപ്പെട്ടത് അഞ്ചുതെങ്ങ് കയറിലൂടെയായിരുന്നു. എന്നാല്‍ കയര്‍ വ്യവസായം തകര്‍ന്നുതരിപ്പണമായി. രാവിലെ ആറുമുതല്‍ ഉച്ചയ്‌ക്ക് രണ്ടുമണിവരെ കയര്‍ പിരിച്ചാല്‍ കിട്ടുന്നത് ആകെ 300 രൂപയും. തുച്ഛമായ ഈ കൂലി കയ്യില്‍ കിട്ടണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കുകയും വേണം. യഥാസമയം കൂലി ലഭിക്കാത്തതിനാല്‍ പല തൊഴിലാളികളുടെയും കുടുംബങ്ങള്‍ പട്ടിണിയിലാണ്. ഭൂരിഭാഗംപേരും തൊഴിലുറപ്പും മറ്റുജോലികളും തേടിപ്പോയി. കയര്‍ത്തൊഴിലാളികളെ സംരക്ഷിക്കേണ്ട കയര്‍ഫെഡും കയര്‍ പ്രോജക്ട് ഓഫീസിന്റെയും നിരുത്തരവാദിത്വമാണ് യഥാസമയം കൂലി ലഭിക്കാത്ത അവസ്ഥയ്‌ക്ക് കാരണം.
അഞ്ചുതെങ്ങ്, വക്കം, കടയ്‌ക്കാവൂര്‍, വെട്ടൂര്‍, കാപ്പില്‍, ഇടവ, കഠിനംകുളം, അലൂര്‍, ചിറയിന്‍കീഴ് പഞ്ചായത്തുകളില്‍ ഉല്‍പ്പാദിപ്പിച്ച കയറിനാണ് അഞ്ചുതെങ്ങ് കയര്‍ എന്നുപറയുന്നത്. മറ്റ് സ്ഥലങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കയറിനേക്കാളും ബലവും ഈടുറ്റതുമാണ് അഞ്ചുതെങ്ങ് കയര്‍. സ്വര്‍ണ്ണനാരുകള്‍ പോലെ തോന്നിക്കുന്ന അഞ്ചുതെങ്ങ് കയറിന്റെ നിലനില്‍പ്പ് അവതാളത്തിലാകുവാനുള്ള പ്രധാനകാരണം തൊഴിലാളികളെ കിട്ടാനില്ല എന്നതാണ്. അതുപോലെ മുന്‍പ് നാട്ടിന്‍പുറങ്ങളില്‍ നിന്നുകൊണ്ട് സംഭരിക്കുവാന്‍ കഴിയുമായിരുന്നു. മണ്ടരിബാധിച്ച് തെങ്ങുകള്‍ മുറിച്ചുമാറ്റിയപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് തൊണ്ടുവരവ് മുടങ്ങി. അഞ്ചുതെങ്ങിന്റെ കയറിന് വില കൂടുതലാണ്. തമിഴ്‌നാട്ടില്‍ നിന്നും ബലമില്ലാതെ വ്യാവസായിക അടിസ്ഥാനത്തില്‍ സൃഷ്ടിച്ച കയര്‍ വിലകുറച്ചുവിറ്റതോടെ അഞ്ചുതെങ്ങിന് കയര്‍ നഷ്ടത്തിലായി.
കയര്‍ തൊഴിലാളികള്‍ക്ക് കൂലി ലഭ്യമല്ലെങ്കിലും കയര്‍ സംഘങ്ങള്‍ തടിച്ചുവീര്‍ത്തു. ഒരു തൊഴിലാളിക്ക് ഒരു ദിവസം ലഭിക്കുന്ന കൂലി 300 രൂപയില്‍ 190 രൂപ കയര്‍ സംഘവും 110 രൂപ സംസ്ഥാന സര്‍ക്കാരുമാണ് കല്‍കേണ്ടത്. തൊഴിലാളികള്‍ ജോലി ചെയ്യുന്നതു സംബന്ധിച്ച രേഖകളും മറ്റും ചിറയിന്‍കീഴ് കയര്‍ പ്രോജക്ട് ഓഫീസില്‍ സമര്‍പ്പിച്ച് ഒരു മാസം കഴിഞ്ഞുമാത്രമേ സര്‍ക്കാര്‍ നല്‍കുന്ന കൂലി ലഭിക്കൂ എന്ന അവസ്ഥയിലാണ്.
കയര്‍ ഉത്പാദനത്തില്‍ മിച്ചം വരുന്ന ചകിരിച്ചോര്‍ ഉപയോഗിച്ചുള്ള ഇഷ്ടിക, കമ്പോസ്റ്റ്, എന്നിങ്ങനെ പലതിനും കോടികള്‍ തുലച്ചു. മാറിമാറിവരുന്ന കേരള സര്‍ക്കാരുകള്‍ കയര്‍ വ്യവസായത്തെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് പ്രവര്‍ത്തിക്കാത്ത കയര്‍ സംഘങ്ങളിലെ സെക്രട്ടറിമാര്‍ക്കും മറ്റും വീതം വയ്‌ക്കുന്നു എന്ന ആക്ഷേപങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പല കയര്‍ സംഘങ്ങളും വ്യക്തി കേന്ദ്രീകൃതമാണ്.
















