മണ്ണാര്‍ക്കാട്: ലോക ഭൂപടത്തില്‍ ഇടം നേടേണ്ട എടത്തനാട്ടുകര ഉപ്പുകുളം വെള്ളച്ചാട്ടപ്പാറ സര്‍ക്കാര്‍ അവഗണിക്കുന്നു.സംസ്ഥാനത്തെ അപൂര്‍വം വെള്ളച്ചാട്ടങ്ങളില്‍ ഒന്നായ ഇത് വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്.
ടൗണ്ില്‍ നിന്നും 30 കിലൊമീറ്റര് അകലെ മലപുറത്തിന്റെയും പാലക്കാടിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്ന സൈലന്റ് വാലി ബഫര്‍ സോണില്പെട്ടതാണ് ഉപ്പുകുളം വെള്ളച്ചാട്ടം.പ്രകൃതി ആസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇവിടം. ഉപ്പുകുളം മലനിരകളില്‍ നിന്നും എന്‍എസ്എസ് എസ്റ്റേറ്റില്‍ നിന്നും ഉത്ഭവിക്കുന്ന അരുവികള്‍ കൂടിച്ചേരുന്നതാണ് ഈ വെളളച്ചാട്ടം.
ഏകദേശം 35 മീറ്റര്‍ താഴ്ച്ചയിലേക്കാണ് വെള്ളം പതിക്കുന്നത്. സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തുനിന്നും ധാരാളം സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ കാട്ടാനശല്യം കാരണം സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്ണ്യമായ കുറവുണ്ടായിരിക്കുകയാണ്. ഉപ്പുകുളം വെള്ളച്ചാട്ടത്തെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, സര്‍ക്കാരിന്റെ ഭാഗത്തി നിന്നും അവഗണനയാണ് നേരിടുന്നത്.
ടൂറിസത്തിന് പുറമെ ചെറുകിട ജല വൈദ്യുത പദ്ധതിയായും ഉപയോഗിക്കാവുന്നതാണ് ഈ വെള്ളച്ചാട്ടം. ഇതിന് കാരണം വേനലിലും വറ്റാത്ത നീരോഴുക്കാണ്. ഈ പദ്ധതി ആരംഭിച്ചാല്‍ തച്ചനാട്ടുകര, അലനല്ലൂര്‍, കൊട്ടേപ്പാടം, കുമരംമ്പത്തൂര്, എന്നീ പഞ്ചായത്തുകളില്‍ ഒരു പരിധി വരെ വൈദ്യുതി എത്തിക്കാന്‍ ഇത് സഹായകമാകും. വര്‍ഷങ്ങള്‍ക്കു മുന്‍പ് പദ്ധതിക്കായി പഠനം നടന്നെങ്കിലും രാഷ്ട്രീയ ഇടപെടല്‍ കാരണം അത് വെളിച്ചം കാണാതെ പോയി.
വെള്ളച്ചാട്ട പാറയുടെ താഴെ വെള്ളം കെട്ടി നിര്‍ത്തി അവിടെ നിന്നും പെന്‍സ്റ്റോക്ക് വഴി വെള്ളം പവര്‍ഹൗസില്‍ എത്തിച്ചാല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മണ്ണാര്‍ക്കാട് താലൂക്കില്‍ പദ്ധതികള്‍ ഏറെ തുടങ്ങുവാന്‍ കഴിയുമെങ്കിലും രാഷ്ട്രീയ വടംവലികള്ക്കിടയില്പെട്ട്് ഇല്ലാതാവുകയാണ് ഇതെല്ലാം.
മീന്‍വല്ലം, ശിരുവാണി, അട്ടപാടി, കാഞ്ഞിരപ്പുഴ എന്നീ പദ്ധതികളെല്ലാം ടൂറിസത്തില്‍ ജില്ലയുടെ മുഖച്ചായ മാറ്റാന്‍ കഴിയുന്നതാണെങ്കിലും ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ കടുംപിടുത്തത്തിലും മത്സരത്തിലും പെട്ട് നാമാവിശേഷമാവുകയാണ്. ചെറുകിട ജല വൈദ്യുത പദ്ധതിക്ക് കേന്ദ്രം ഫണ്ടുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും പദ്ധതിയുടെ രൂപരേഖ തയ്യറാക്കി ബന്ധപ്പെട്ട അധികാരികളില്‍ എത്തിക്കാത്തതിനാല്‍ പദ്ധതികള്‍ പലതും വെളിച്ചം കാണുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: