കുടമാളൂര്‍: കരികുളങ്ങര മൂത്തേടത്ത്കാവിലമ്മ ഇന്ന് മധുരയിലേക്ക് യാത്രയാകും. മൂന്ന് മാസങ്ങള്‍ക്ക് ശേഷം കര്‍ക്കടക സംക്രാന്തിനാളില്‍ തിരിച്ചെത്തും.
അതുവരെ മധുരമീനാക്ഷി ക്ഷേത്രത്തില്‍ മലയാളത്തമ്മയായി പൂജിക്കപ്പെടും. കരികുളങ്ങര ക്ഷേത്രംനട മൂന്ന്മാസം അടച്ചിടും. ക്ഷേത്രത്തില്‍ മേടമാസത്തെ വിഷുദിനമാണ് പ്രധാനം. വിഷുദിനത്തില്‍ അര്‍ദ്ധരാത്രിക്ക് ശേഷം കരികുളങ്ങരദേവി മധുരയില്‍ എത്തുമെന്നാണ് വിശ്വാസം. ഈദിവസം തമിഴ്‌നാട്ടിലെ കമ്പം, തേനി ഭാഗത്തുള്ള ചിലക്ഷേത്രങ്ങളില്‍ മലയാളത്തമ്മയെ വരവേല്‍ക്കുന്ന ചടങ്ങ് നടക്കും. ഇത് വിശ്വാസത്തിന് പിന്‍ബലമേകുന്നു.
വിഷുദിനത്തില്‍ ദീപാരാധനയ്‌ക്ക് ശേഷം താലപ്പൊലിയോടും വാദ്യമേളങ്ങളോടുംകൂടി ദേവിയെ ആനയിച്ച് ക്ഷേത്രമതിലിന് വെളിയിലുള്ള ഇളം കോവിലില്‍ കുടിയിരുത്തും. ഈ മണ്ഡപത്തിന് മുന്‍പില്‍ ഭക്തജനങ്ങള്‍ ആര്‍പ്പും കുരവയുമായി കുടമ്പ് ചാട്ടം നടത്തും.
രാമായണത്തിലെ കഥയുമായി ബന്ധപ്പെട്ടതാണ് കുടമ്പ് ചാട്ടത്തിലെ ഈരടികള്‍. ദേവി യാത്രയായതിന് ശേഷം ഗുരുതിനടത്തി നടഅടയ്‌ക്കും. കര്‍ക്കടം 1ന് ദേവിതിരികെ എത്തുന്നത് വരെ ഉപദേവതകള്‍ക്ക് മാത്രമാണ് പൂജനടക്കുക.
















