പത്തനംതിട്ട: കമ്യൂണിസം ലോകത്തു നിന്നും അപ്രത്യക്ഷമാകുന്നതായി കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ്മ. ബിജെപി പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ചരിത്രത്താളുകളിലേക്ക് മാറും. അവര്‍ക്ക് ഒരിക്കലും ഭാരതം ഭരിക്കാന്‍ കഴിയില്ലെന്ന് ജനങ്ങള്‍ക്കും അറിയാം. ജനാധിപത്യ പാര്‍ട്ടി എന്ന് അവകാശപ്പെടാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസും മാറി. അമ്മ, മകന് പാര്‍ട്ടിയായി അതു അധപ്പതിച്ചു. പാര്‍ലമെന്റില്‍ അംഗീകൃത പ്രതിപക്ഷ നേതാവു പോലുമില്ലാതെ യുപിഎ മരിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത് വികസനത്തെയും ബിജെപിയേയുമാണ്. രാജ്യത്തെ 16 സംസ്ഥനങ്ങള്‍ ബിജെപി നേതൃത്വത്തിലുള്ള ഭരണത്തിലാണ്. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ ലോകജനത അംഗീകരിക്കുന്നു. ലോകത്തിലെ വലിയ പ്രസ്ഥാനമായി ബിജെപി മാറിക്കഴിഞ്ഞു. പതിനൊന്ന് കോടി അറുപത് ലക്ഷം അംഗങ്ങളാണ് പാര്‍ട്ടിക്കുള്ളത്. അഴിമതിയില്ലാത്ത സുതാര്യമായ ജനങ്ങള്‍ക്കു വേണ്ടിയുള്ള ഭരണമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. അതിനാല്‍ സര്‍ക്കാരിന് ദിനംപ്രതി ജനപിന്തുണ ഏറുന്നു. രാജ്യത്ത് മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ബാജ്പേയി സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ നടപ്പാക്കിയ നല്ല പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ പരാജയപ്പെട്ടതിനാലാണ് ഭരണതുടര്‍ച്ച നേടാന്‍ കഴിയാതെ പോയത്. ഇന്ന് രാജ്യപുരോഗതിക്കായി മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനുള്ള ബാധ്യത ബിജെപി പ്രവര്‍ത്തകര്‍ക്കുണ്ട്. പാവകപ്പട്ടവന്റെ വേദന അറിയാവുന്ന പ്രധാനമന്ത്രി സാധാരണക്കാര്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ശക്തനായ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യം പുരോഗതിയിലേക്ക് മുന്നേറുന്നു. മറ്റു രാഷ്ട്രീയ കക്ഷികള്‍ അധികാരത്തില്‍ എത്താന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ദേശസ്നേഹത്തില്‍ അടിസ്ഥാനമായ ആശയത്തില്‍ ഊന്നിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തില്‍ ഒരു മന്ത്രിക്കെതിരെയും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. കള്ളപ്പണക്കാരുടെ സമാന്തര സമ്പദ് വ്യവസ്ഥയെ തകര്‍ക്കാനാണ് നോട്ടു നിരോധനമടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. കള്ളപ്പണശേഖരം തീവ്രവാദി സംഘങ്ങളാണ് വിനിയോഗിച്ചിരുന്നത്. കാശ്മീരില്‍ പണംനല്‍കി സൈന്യത്തെ കല്ലെറിയിക്കുന്ന പ്രവണത നോട്ടു നിരോധനത്തിലൂടെ ഇല്ലാതായി. പരിഷ്ക്കരണങ്ങള്‍ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കും. സാമ്പത്തിക ഇടപാടുകള്‍ മൊബൈല്‍ ഫോണിലൂടെ ആകുന്നതോടെ കൂടുതല്‍ സുരക്ഷിതത്വം ലഭിക്കും. രാജ്യത്താകമാനം ഒരുനികുതി ഘടന, ജിഎസ്ടി നടപ്പാകുന്നതോടെ അവശ്യസാധനങ്ങളുടെ വില കുറയും. ഇത് സാധാരണക്കാരന് ഗുണകരമാകും. ചില വെല്ലുവിളികള്‍ ഉണ്ടെങ്കിലും കേരളത്തില്‍ അടുത്ത തവണ എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് പ്രത്യാശിക്കുന്നതായും മന്ത്രി പറഞ്ഞു.
ബിജെപി സംസ്ഥാന സമിതിയംഗം ടി.ആര്.അജിത്കുമാര്‍ അദ്ധ്യക്ഷനായി. സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശന്. വൈസ് പ്രസിഡന്റ് അഡ്വ.ജോര്‍ജ് കുര്യന്, വക്താവ് ജെ.ആര്. പദ്മകുമാര്‍ , ട്രഷറാര്‍ കെ.ആര്.പ്രതാപചന്ദ്രവര്‍മ്മ, ദേശീയ സമിതിയംഗം വി.എന്‍.ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് അശോകന് കുളനട സ്വാഗതവും കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: