തിരുവനന്തപുരം: കേരള സംസ്ഥാന ശിശു ക്ഷേമസമിതി സംഘടിപ്പിച്ച കിളിക്കൂട്ടം-2014 അവധിക്കാല ക്യാമ്പില്‍ വിഷുകൈനീട്ടം നല്‍കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ എത്തി. കുട്ടികള്‍ക്ക് കൈനീട്ടം നല്‍കിയ ഡിജിപി അവരോട് സംവദിക്കാനും സമയം കണ്ടെത്തി. എന്താകാനും കുട്ടിക്കാലം മുതലേ മനസില്‍ കരുതല്‍ വേണമെന്നായിരുന്നു ഡിജിപിയുടെ ഉപദേശം. പോലീസുകാരെ ഒരിക്കലും പേടിക്കരുത് അവര്‍ നിങ്ങളുടെ ചങ്ങാതിമാരാണ്. കുട്ടികള്‍ പൊതു സ്വത്താണ്. അവര്‍ക്കെതിരെയുള്ള ഒരു അതിക്രമവും പോലീസ് വച്ച് പൊറുപ്പിക്കില്ല. കുട്ടികള്‍ക്കെതിരായ ആക്രമങ്ങളില്‍ കടുത്ത ശിക്ഷ വാങ്ങി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ചാനലുകള്‍ കാണിക്കുന്ന പല പരിപാടികളും കുട്ടികള്‍ക്ക് കാണാവുന്നതല്ലല്ലോ. ഇതിന് പോലീസ് എന്ത് നടപടിയെടുക്കും എന്ന് ക്യാമ്പംഗം ഗൗരികൃഷ്ണയുടെ ചോദ്യത്തിന് ചാനലുകള്‍ തന്നെ തീരുമാനമെടുക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ പോലീസുകാര്‍ക്ക് പലപ്പോഴും ടിവി പരിപാടികള്‍ ഗുണം ചെയ്യുന്നുണ്ടെന്നും അവരുടെ വാര്‍ത്താ ശകലങ്ങള്‍ പോലീസിന്റെ അടിയന്തര ഇടപെടലുകള്‍ക്ക് സഹായിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഷ്ണുവിന്റെ മരണത്തെക്കുറിച്ച് ക്യാമ്പില്‍ ചോദ്യമുയര്‍ന്നു. ജിഷ്ണു കേസുമായി ബന്ധപ്പെട്ട് എല്ലാപേരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പ് അംഗങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വിഷു കൈനീട്ടം നല്‍കിയാണ് ബെഹ്‌റ മടങ്ങിയത്. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ദീപക് എസ്.പി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ട്രഷറര്‍ ജി. രാധാകൃഷ്ണന്‍, ക്യാമ്പ് ഡയറക്ടര്‍ ജി.എന്‍. അരുണ്‍ഗോപി, പ്രോഗ്രാം ഓഫീസര്‍ പി.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.
















