മലയിന്‍കീഴ്: കൂലിപ്പണി അന്വേഷിച്ചു സുഹൃത്തിന്റെ വീട്ടിലെത്തിയ തൊഴിലാളിയെ രണ്ടംഗ അക്രമിസംഘം പ്രകോപനമില്ലാതെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ പോലീസ് പ്രതികളെ പിടികൂടുന്നില്ല. നാരുവാമൂട് പോലീസ് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടി കൂടിയിട്ടില്ല.
കഴിഞ്ഞ 24 നാണ് നാരുവാമൂട്, നടുക്കാട്, പുതുവല്‍വിള പുത്തന്‍വീട്ടില്‍ എസ്. ഷിബു (35) സാമൂഹ്യ വിരുദ്ധരായ രണ്ട് അക്രമികളുടെ മര്‍ദ്ദനത്തിന് ഇരയായത്. ഉച്ചയ്‌ക്ക് രണ്ടുമണിയോടെ നടുക്കാടിലെ സുഹൃത്ത് ഭുവനചന്ദ്രന്റെ വീട്ടില്‍ അടുത്ത ദിവസം പണിയുണ്ടോ എന്നറിയാന്‍ പോയതായിരുന്നു ഷിബു. ഇവര്‍ തമ്മില്‍ വീടിനുള്ളില്‍ സംസാരിച്ചു നില്‍ക്കെ മദ്യപിച്ചെത്തിയ ചന്ദ്രന്‍, സുരേഷ് എന്നിവര്‍ വീട് കയറിച്ചെന്ന് ആദ്യം ഭുവനചന്ദ്രനെ മര്‍ദ്ദിച്ചു. പേടിച്ചു പുറത്തേക്കോടിയ ഷിബുവിനെ പിന്നാലെ എത്തിയ അക്രമികള്‍ തല്ലി വീഴ്‌ത്തി. നാല് പല്ലുകള്‍ അടര്‍ന്നു തെറിച്ചു രക്തത്തില്‍ കുളിച്ചുകിടന്ന ഷിബുവിനെ നാട്ടുകാരെത്തിയാണ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കയച്ച ഷിബു ദിവസങ്ങളോളം ചികിത്സയിലായിരുന്നു. ഇപ്പോഴും ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഷിബു.
അടുത്ത ദിവസം തന്നെ ഷിബുവിന്റെ ഭാര്യ ഷീന നാരുവാമൂട് പോലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് പോലീസ് കേസെടുത്തു.
എന്നാല്‍ അടുത്തിടെ സിപിഐയില്‍ ചേര്‍ന്ന പഴയൊരു കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടലിനെ തുടര്‍ന്ന് കേസൊതുക്കി തീര്‍ക്കാന്‍ ശ്രമം തുടങ്ങി. വനിതാ കമ്മീഷനിലടക്കം നിരവധി പരാതികള്‍ നല്‍കിയെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസ് വൈമുഖ്യം കാട്ടുകയാണെന്ന് ഷിബുവും, ഭാര്യ ഷീനയും പറഞ്ഞു. ഇരകള്‍ക്കൊപ്പമല്ല പോലീസ് വേട്ടക്കാര്‍ക്കൊപ്പമാണെന്ന് പിന്നെയും തെളിയിക്കുകയാണെന്ന് ഈ നിര്‍ധന കുടുംബം പരിതപിക്കുന്നു.
















