ഗുരുവായൂര്‍: ക്ഷേത്രത്തില്‍ നാളെ വിഷുക്കണിദര്‍ശനം. പുലര്‍ച്ചെ 2.30 മുതല്‍ 3.30 വരെ തങ്കശ്രീലകത്ത് മുഖമണ്ഡപത്തില്‍ സ്വര്‍ണ്ണപീഠത്തിലാണ് കണ്ണന് കണിയൊരുക്കുന്നത്.
ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം, വിവിധതരം പട്ടുകള്‍ എന്നിവകൊണ്ട് സ്വര്‍ണ്ണപീഠം അലങ്കരിക്കും. ഓട്ടുരുളിയില്‍ ഉണക്കല്ലരി, വെള്ളരിക്ക, കണികൊന്ന, ചക്ക, മാങ്ങ, വാല്‍ക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വര്‍ണ്ണം, പുതുപണം എന്നിവകൊണ്ട് ഇന്ന് രാത്രി കീഴ്ശാന്തി നമ്പൂതിരിമാര്‍ കണികോപ്പൊരുക്കും. ക്ഷേത്രംമേല്‍ശാന്തി പള്ളിശ്ശേരി മധുസൂദനന്‍ നമ്പൂതിരി പുലര്‍ച്ചെ രണ്ടിന് കീഴ്ശാന്തിമാര്‍ക്കൊപ്പം കണ്ണന്റെ ശ്രീലകവാതില്‍ തുറക്കും. നാളികേരമുടച്ച് തിരിയിട്ട് കത്തിച്ച് ഓട്ടുരുളിയിലെ കണികോപ്പുകള്‍ ഉയര്‍ത്തിപിടിച്ച് മേല്‍ശാന്തി കണ്ണനെ കണികാണിക്കും. കെടാവിളക്കിലെ തിരിതെളിയിച്ച് കണ്ണന്റെ കയ്യില്‍ നാണയം വെച്ചുകൊടുക്കും. തുടര്‍ന്ന് കണികോപ്പുകള്‍ അലങ്കരിച്ച സ്വര്‍ണ്ണപീഠത്തില്‍ വെക്കും. ഒപ്പം കണ്ണന്റെ തങ്കതിടമ്പുവെച്ച് വിളക്കുകള്‍ തെളിയിക്കും. കാത്തുനില്‍ക്കുന്ന ഭക്തരോട് കണ്ണടച്ച് നില്‍ക്കാന്‍ പറഞ്ഞ് വാതില്‍തുറന്ന് മേല്‍ശാന്തിയടക്കം എല്ലാവരും ശ്രീകോവിലിന് പുറത്തുകടക്കും. കണ്ണുതുറക്കാനുള്ള മേല്‍ശാന്തിയുടെ നിര്‍ദ്ദേശം ലഭിക്കുന്നതോടെ ഭക്തര്‍ കണ്ണനേയും, കണികോപ്പും കണികണ്ട് വിഷുദര്‍ശനം ധന്യമാക്കും. കണികണ്ടെത്തുന്ന ഭക്തര്‍ക്ക് മേല്‍ശാന്തി വിഷുകൈനീട്ടവും നല്‍കും.
















