പന്തളം:ചിറ്റിലപ്പാടത്ത് നല്ല വിളവു ലഭിച്ചതില്‍ ആശ്വസിച്ചിരുന്ന കര്‍ഷകരെ പാടത്തുണ്ടായ വെള്ളക്കെട്ട് ആശങ്കയിലാക്കി.കരിങ്ങാലി പാടശേഖരത്തിന്റെ ഭാഗമായ ചിറ്റിലപ്പാടത്തെ 200 ഏക്കറിലേറെ ഭാഗത്തു കൃഷിയിറക്കിയ കര്‍ഷകരാണ് ദുരിതത്തിലായത്. കാലാവസ്ഥ അനുകൂലമായതിനാല്‍ നല്ല വിളവു പ്രതീക്ഷിച്ചിരുന്നു. മുന്‍കാലങ്ങളില്‍ വേനല്‍ക്കാലത്ത് ഇവിടെ ജലക്ഷാമം രൂക്ഷമായിരുന്നെങ്കില്‍ ഇക്കുറി ജലം സുലഭമായിരുന്നു. മയില്ക്കോഴിയുടെയും ഓലചുരുട്ടിപ്പുഴുവിന്റെയും ശല്യമൊഴിച്ചാല്‍ മോശമല്ലാത്ത വിളവു ലഭിക്കുകയും ചെയ്തു. ഇങ്ങനെ ആശ്വസിച്ചിരിക്കെയാണ് പെട്ടന്നുണ്ടായ മഴയിലുണ്ടായ വെള്ളക്കെട്ട് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.കൊയ്യാന്‍ പാകമായ നെല്ലാണെങ്കിലും വെള്ളക്കെട്ടു കാരണം കൊയ്ത്തുമെതിയന്ത്രം ഇറക്കാന്‍ കഴിയാതെ കര്‍ഷകര്‍ വലയുന്നു. വെള്ളക്കെട്ടില്‍ ഓലയും വൈക്കോലുമിട്ട് യന്ത്രമിറക്കി കൊയ്തെടുക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചെങ്കിലും 3 ഏക്കറില്‍ മാത്രമാണ് കൊയ്ത്തു നടന്നത്. പാടത്തു പുതഞ്ഞുപോയ യന്ത്രം കെട്ടിവലിച്ചാണ് കരകയറ്റിയത്. വീണ്ടും മഴപെയ്താല്‍ യന്ത്രമിറക്കാന്കൂടി കഴിയില്ല. ഒരു മണിക്കൂര്‍ കൊണ്ടു കൊയ്തെടുക്കേണ്ടത്രയും കൊയ്തെടുക്കാന്‍ 12 മണിക്കൂറാണെടുത്തത്. മണിക്കൂറിന് 2000 രൂപ കൂലി കൊടുത്താണ് കൊയ്ത്തു നടത്തുന്നത്. ഇത് കര്‍ഷകരെ കടക്കെണിയിലാക്കുമെന്നതാണ് അവസ്ഥ. മിക്കവരും പാടം പാട്ടത്തിനെടുത്തും പലിശയ്ക്കു പണമെടുത്തുമാണ് കൃഷിയിറക്കിയത്. കൊയ്യാന്‍ താമസിക്കുന്നതോടെ മഴ പെയ്താല്‍ നെല്ലു കൊഴിഞ്ഞു പോകുമെന്ന ആശങ്കയും കര്‍ഷകരെ അലട്ടുകയാണ്. തൊഴിലാളികളില്ലാത്തതിനാല്‍ കൊയ്ത്തിന് യന്ത്രം മാത്രമാണ് ആശ്രയം. അല്ലെങ്കില്‍ നഗരസഭ പ്രത്യേക പരിഗണന നല്കി തൊഴിലുറപ്പു തൊഴിലാളികളെ കൊയ്ത്തിനു നിയോഗിച്ച് കര്‍ഷകരെ സഹായിക്കാന്‍ തയ്യാറാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: