പേട്ട :കൊച്ചുവേളി ക്ലേ ഫാക്ടറിയ്‌ക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ കാട്ടാക്കട ഇമ്മാനുവല്‍ കോളേജ് വിദ്യാര്‍ത്ഥി യുടെ മരണത്തില്‍ ദുരൂഹത. കൊടുങ്ങാനൂര്‍ തിട്ടമംഗലം സ്വപ്‌ന സദനത്തില്‍ പ്രതാപ് കുമാറിന്റേയും ലതയുേെടയും മകന്‍ കൃഷ്ണനുണ്ണിയുടെ മരണം കൊലപാതമാണെന്ന പരാതിയാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. ഇത് സംബന്ധിച്ച് ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടികള്‍ മരവിച്ച നിലയിലാണ്. കഴിഞ്ഞ 31 ന് പുലര്‍ച്ചെയോടെയാണ് ക്ലേ ഫാക്ടറിയ്‌ക്ക് സമീപം ആളൊഴിഞ്ഞ ഭാഗത്തുളള റെയില്‍വേ ട്രാക്കില്‍ കൃഷ്ണനുണ്ണിയുടെ മൃതശരീരം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. കോളേജ് സഹപാഠിയായ പേരൂര്‍ക്കട വഴയില സ്വദേശിനിയായ പെണ്‍കുട്ടിയുമായി കൃഷ്ണനുണ്ണി ഇഷ്ടത്തിലായിരുന്നു. ഈ വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇവര്‍ തമ്മിലുളള ബന്ധം വിലക്കുകയും തുടര്‍ന്ന് സംഭവത്തിന്റെ തലേ ദിവസം വൈകുന്നേരം 4 മണിയോടെ വഴയിലയില്‍ വെച്ച് ബന്ധുക്കള്‍ കൃഷ്ണനുണ്ണിയെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. സംഭവമറിഞ്ഞ് കൃഷ്ണനുണ്ണിയുടെ ജ്യേഷ്ഠന്റെ പരിചയക്കാര്‍ എത്തിയതോടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി കൃഷ്ണനുണ്ണിയെ പറഞ്ഞ് വിടുകയായിരുന്നു. അന്നേ ദിവസം വൈകുന്നേരം 5.15 ന് വെളളയമ്പലം വഴി മ്യൂസിയം ഭാഗത്തേയ്‌ക്ക് കൃഷ്ണനുണ്ണി ഇരുചക്രവാഹനത്തില്‍ പോകുന്നത് കൃഷ്ണനുണ്ണിയുടെ ജ്യേഷ്ഠന്‍ ആദര്‍ശ് കണ്ടു. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ പ്രവര്‍ത്തനരഹിതമായിരുന്നു. പിന്നീടാണ് വട്ടിയൂര്‍ക്കാവ് പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയത്. കൃഷ്ണനുണ്ണിയുടെ അസ്വാഭാവിക മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി വട്ടിയൂര്‍ക്കാവ് നഗരസമിതി ആവശ്യപ്പെട്ടു
















