തിരുവനന്തപുരം : ഇസ്‌കോണ്‍ ഹരിനാമ സങ്കീര്‍ത്തന പദയാത്ര തലസ്ഥാനത്ത് എത്തി. 1984ല്‍ ആരംഭിച്ച പദയാത്ര ഇത് ആറാം തവണയാണ് കേരളത്തിലെത്തുന്നത്. ദ്വാരകയില്‍ നിന്നും തുടങ്ങി മഥുര, കുരുക്ഷേത്ര, ബദരിനാഥ്, രാമേശ്വരം, തിരുവനന്തപുരം, ഗുരുവായൂര്‍ ഉഡുപ്പി പണ്ഡരിപുരം വഴി തിരികെ ദ്വാരകയില്‍ തന്നെ അവസാനിക്കും. ഇതോടനുബന്ധിച്ച് ഗ്രാമങ്ങലിലും നഗരങ്ങളിലും ഭഗവദ്ഗീതാ വിതരണവും കൃഷ്ണ ആരതികളും സംഘടിപ്പിക്കുന്നു.
ഗുജറാത്തി കാംഗ്രജ് ഇനത്തില്‍പ്പെട്ട 5 കൂറ്റന്‍ കാളകള്‍ വലിക്കുന്ന കൃഷ്ണ ബാലരാമരഥമാണ് പദയാത്രയിലെ പ്രത്യേകത. ഒരു തവണ ഇന്ത്യ മുഴുവന്‍ ചുറ്റുമ്പോള്‍ ഒരു ലക്ഷത്തി പതിനെണ്ണായിരം കിലോമീറ്ററോളം യാത്രാസംഘം താണ്ടും. ഒരു ദിവസം 10 കിലോമീറ്റര്‍ മാത്രമാണ് യാത്ര. കാളകളില്‍ 15 വയസുള്ള നരസിംഹയുടെ രണ്ടാമത്തെ ഭാരത പര്യടനമാണിത്. ഒരു നേരം രണ്ട് കാളകള്‍ രഥം വലിക്കുമ്പോള്‍ 3 കാളകള്‍ അകമ്പടി സേവിക്കും.
മതജാതി വ്യത്യാസങ്ങള്‍ക്കപ്പുറമുള്ള ആത്മബോധത്തെയും ആത്മീയതയെയും ജനങ്ങളിലെത്തിക്കുന്നതും കൃഷ്ണധര്‍മ്മ പ്രചരണവും ജീവിത വ്രതമാക്കിയ മാറ്റി ആചാര്യദാസിന്റെ നേതൃത്വത്തിലുള്ള 30 ഓളം ബ്രഹ്മചാരികളാണ്. യാത്രയിലുള്ളത്. തമിഴ്‌നാട്ടിലെ രാമേശ്വരം വഴി കേരളത്തില്‍ പ്രവേശിച്ച പദയാത്ര ഇന്ന് തിരുവനന്തപുരത്ത് പര്യടനം നടത്തും.
















