വിളപ്പില്‍: ‘ഞാന്‍ മരിച്ചാലും ഉറ്റവര്‍ ഉപേക്ഷിച്ച ഈ അമ്മമാര്‍ക്ക് കാവലായി ഇവിടെയുണ്ടാകും. ഈ ശരണാലയത്തിന്റെ ഒരു കോണില്‍ എനിക്ക് കല്ലറയൊരുക്കണം.’ പേയാട് സത്യാന്വേഷണ ചാരിറ്റബിള്‍ സൊസൈറ്റിക്ക് നെടിയവിള പൂമലയില്‍ വയോജന കേന്ദ്രം തുടങ്ങാന്‍ തനിക്ക് കുടുംബ ഓഹരിയായി കിട്ടിയ 71 സെന്റും 3000 ചതുരശ്ര അടിയുള്ള വീടും ദാനം നല്‍കിയ റിച്ചാര്‍ഡ്‌സണ്‍ സൊസൈറ്റി ഭാരവാഹികളോട് പറഞ്ഞ വാക്കുകളാണിത്.
ഉറിയാക്കോട് ജി.ജി.നിവാസില്‍ പൊതുമരാമത്ത് എഞ്ചിനീയറായിരുന്ന റിച്ചാര്‍ഡ്‌സണ്‍ (78) തിങ്കളാഴ്ച രാത്രി 11 നാണ് ലോകത്തോട് വിട പറഞ്ഞത്. ഉള്ളതെല്ലാം അശരണര്‍ക്ക് പങ്കുവച്ച് ഒടുവില്‍ വെറും കയ്യോടെ മടക്കം. ഭൂസ്വത്തായി ഉണ്ടായിരുന്ന നാല് ഏക്കറാണ് അനാഥാലയങ്ങള്‍ക്കും ധര്‍മ്മസ്ഥാപനങ്ങള്‍ക്കുമായി റിച്ചാര്‍ഡ്‌സണ്‍ ദാനം നല്‍കിയത്. അന്ത്യവിശ്രമത്തിന് ബന്ധുക്കള്‍ തെരഞ്ഞെടുത്തത് അദ്ദേഹം ആഗ്രഹിച്ചതുപോലെ ശരണാലയത്തിന് ദാനം നല്‍കിയ 71 സെന്റ് ഭൂമിയില്‍ നിന്ന് ആറടി മണ്ണ്. വാര്‍ദ്ധക്യ രോഗങ്ങള്‍ അവശനാക്കിയ റിച്ചാര്‍ഡ്‌സണ്‍ എന്ന നാട്ടുകാരുടെ എസ്ആര്‍ജെ ഭാര്യ ജസ്ലറ്റിനൊപ്പം ഉറിയാക്കോടാണ് കഴിഞ്ഞിരുന്നത്. മക്കളായ ഹാരോള്‍ഡും ജാസ്മിനും വേറെ വീടുകളിലാണ് താമസം.
അടുത്തിടെ അസുഖം മൂര്‍ച്ഛിക്കുന്നതിന് മുന്‍പുവരെ സത്യാന്വേഷണയുടെ വൃദ്ധസദനത്തില്‍ സ്ഥിരമായി എത്തുമായിരുന്നു റിച്ചാര്‍ഡ്‌സണ്‍. അതുകൊണ്ടുതന്നെ അനാഥത്വം പേറുന്ന ഇവിടുത്തെ 18 അമ്മമാര്‍ക്കും റിച്ചാര്‍ഡ്‌സണുമായി നല്ല സൗഹൃദമായിരുന്നു. അദ്ദേഹം ഇനി വരില്ലെന്ന തിരിച്ചറിവില്‍ ആ അമ്മ മനസുകള്‍ വിങ്ങിപ്പൊട്ടി. ദീര്‍ഘകാലം സത്യാന്വേഷണയുടെ ഡയറക്ടറായും റിച്ചാര്‍ഡ്‌സണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രകൃതി ചികിത്സാലയം, ഭിന്നശേഷിക്കാരുടെ വിദ്യാലയം, ഖാദി കേന്ദ്രം തുടങ്ങി പത്തോളം സ്ഥാപനങ്ങള്‍ക്ക് റിച്ചാര്‍ഡ്‌സണ്‍ ഭൂമി ദാനം ചെയ്തിട്ടുണ്ട്. എങ്കിലും അന്ത്യവിശ്രമം പൂമലയിലെ അനാഥ മാതൃത്വങ്ങള്‍ക്കരികില്‍ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. റിച്ചാര്‍ഡ്‌സണിന്റെ അമ്മ ജ്ഞാനശെല്‍വത്തിന്റെ പേരിലാണ് സത്യാന്വേഷണയുടെ ഈ ശരണാലയം.
















