മലപ്പുറം: ലോക്സഭാ മണ്ഡലത്തിലേക്കുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് 13.12 ലക്ഷം വോട്ടര്‍മാര്‍ നാളെ പോളിംങ് ബൂത്തിലേക്ക്. 6,56,470 സ്ത്രീകളും 6,56,273 പുരുഷന്മാരുമടക്കം 13,12,693 പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അര്ഹരായുള്ളവര്. ഇവരില്‍ 1478 പേര് സര്‍വീസ് വോട്ടര്‍മാരും 955 പുരുഷന്മാരും 51 സ്ത്രീകളുമടക്കം 1006 പേര് പ്രവാസി വോട്ടര്‍മാരുമാണ്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ആറ് മണിക്ക് വരിയില്‍ നില്ക്കുന്ന എല്ലാവര്ക്കും സമയം എത്ര വൈകിയാലും വോട്ട് ചെയ്യാം. 17 നാണ് വോട്ടെണ്ണല്‍.
തെരഞ്ഞെടുപ്പിനും വോട്ടെണ്ണലിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. വോട്ടെടുപ്പിനായി 1175 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ പോളിങ് സ്റ്റേഷനിലും ഒരു പ്രിസൈഡിങ് ഓഫീസറും മൂന്ന് പോളിങ് ഓഫീസര്‍മാരും ഡ്യൂട്ടിക്കുണ്ടാകും.
1200 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ അഞ്ച് പേര് ചുമതലയിലുണ്ടാകും. 1175 പ്രിസൈഡിങ് ഓഫീസര്‍മാരും 3525 പോളിങ് ഉദ്യോഗസ്ഥരും അടക്കം ആകെ 4700 ലധികം പേര് ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടാകും. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന തിന് റിസര്‍വ് ഉദ്യോഗസ്ഥര്‍ വേറെയുമുണ്ട്. ഇത് കൂടാതെ സ്പെഷല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ പദവിയോടെ 111 സെക്ടര്‍ ഓഫീസര്‍മാര്‍ ബൂത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. 100 ലധികം വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്.
ഇലക്ട്രോണിക് വോട്ടിങ് മെഷീന് ഉപയോഗിച്ച് നടക്കുന്ന വോട്ടെടുപ്പിനായി 1175 വീതം കണ്ട്രോള് യൂനിറ്റുകളും ബാലറ്റ് യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് 50 ശതമാനം റിസര്‍വ് മെഷീനുകളുമുണ്ട്. ആകെ 1760 വോട്ടിങ് മെഷീനുകളാണ് നല്‍കിയിട്ടുള്ളത്. വോട്ടിങ് യന്ത്രങ്ങളുടെ തകരാറുകള്‍ പരിഹരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ 10 എഞ്ചിനീയര്‍മാരെ വിന്യസിച്ചിട്ടുണ്ട്.
വന്‍ സുരക്ഷാ സന്നാഹമാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. നാല് കമ്പനി കേന്ദ്ര സേന ഉള്‍പ്പെടെ രംഗത്തുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു പൊതു നിരീക്ഷകനും ഒരു ചെലവ് നിരീക്ഷകനും മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി രംഗത്തുണ്ട്. നിരീക്ഷകരെ സഹായിക്കാന്‍ 49 സൂക്ഷ്മ നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്.
49 ക്രിട്ടിക്കല്‍ ബൂത്തുകളും 31 പൊളിറ്റിക്കലി സെന്‍സിറ്റീവ് ബൂത്തുകളുമാണ് മണ്ഡലത്തിലുള്ളത്. ക്രിട്ടിക്കല്‍ ബൂത്തുകളില്‍ സായുധ പൊലീസിന്റെയും സൂക്ഷ്മ നിരീക്ഷകരുടെയും സാന്നിധ്യമുണ്ടാകും. പൊളിറ്റിക്കലി സെന്‍സിറ്റീവ് ബൂത്തുകളിലെ വോട്ടെടുപ്പ് വീഡിയോ ക്യാമറയില്‍ പകര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: