പേരൂര്‍ക്കട: ഡ്രെയിനേജ് മാലിന്യം കുടിവെള്ള പൈപ്പില്‍ കലര്‍ന്നത് പേരൂര്‍ക്കടയില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി. കഴിഞ്ഞദിവസം രാത്രിയാണ് ഡ്രെയിനേജ് മാലിന്യം കുടിവെള്ള പൈപ്പിലൂടെ ഒഴുകി വീടുകളില്‍ എത്തിയത്. പേരൂര്‍ക്കട പോലീസ് സ്റ്റേഷനു സമീപത്തുകൂടി കടന്നുപോകുന്ന പൈപ്പിനുള്ളിലാണ് ഡ്രെയിനേജ് വെള്ളം കലര്‍ന്നത്. സമീപത്തെ ഹോട്ടലില്‍ നിന്നുള്ള ഡ്രെയിനേജ് മാലിന്യമാണ് കലര്‍ന്നതെന്നാണ് സൂചന. വിവരമറിഞ്ഞതോടെ തുരുത്തുമ്മൂല വാര്‍ഡ് കൗണ്‍സിലര്‍ വി. വിജയകുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി. തുടര്‍ന്ന് പേരൂര്‍ക്കട വാട്ടര്‍അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് അറിയിക്കുകയുമായിരുന്നു. എന്നാല്‍ നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു. നഗരസഭ നോട്ടീസ് നല്‍കിയേക്കുമെന്ന സംശയത്തെ തുടര്‍ന്ന് പേരൂര്‍ക്കടയില്‍ ഡ്രെയിനേജ് മാലിന്യം ഒഴുക്കിയെന്നു സംശയിക്കപ്പെടുന്ന ഹോട്ടല്‍ തുറന്നില്ല. ഇതുമൂലം ഡ്രെയിനേജിന്റെ ഒഴുക്ക് എവിടെനിന്നാണെന്നു കണ്ടെത്താനും കഴിഞ്ഞില്ല. ഡ്രെയിനേജിന്റെ മൂടി ഇളക്കി മാലിന്യം നീക്കം ചെയ്യാനുള്ള നടപടിയായിരുന്നു പിന്നീട്. കുടിവെള്ള പൈപ്പില്‍ കലര്‍ന്ന ഡ്രെയിനേജ് മാലിന്യം പൂര്‍ണ്ണമായി നീക്കിയെന്നു ഉറപ്പുവരുത്തിയശേഷമാണ് നാട്ടുകാര്‍ ഇവിടെനിന്നു പോയത്. അതേസമയം പ്രശ്‌നത്തിനു പൂര്‍ണ്ണമായി പരിഹാരം കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. ഡ്രെയിനേജ് മാലിന്യം കലര്‍ന്നതോടെ നിരവധി വീട്ടുകാര്‍ക്ക് മാലിന്യംകലര്‍ന്ന കുടിവെള്ളമാണ് ഇന്നലെ ലഭിച്ചത്. അമ്പലമുക്ക് സ്വദേശി പത്മകുമാറിന്റെ വീട്ടിലെ പൈപ്പില്‍നിന്നു ലഭിച്ച കുടിവെള്ളത്തില്‍ മാലിന്യവും പുഴുക്കളുമുണ്ടായിരുന്നുവെന്നു പരാതിയുണ്ട്. ഏതായാലും അടുത്തദിവസം തന്നെ നഗരസഭയുടെയും വാട്ടര്‍അതോറിറ്റിയുടെയും നടപടികള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
















