പാലക്കാട്: പരിസ്ഥിതി സംരക്ഷണനിയമങ്ങളും വനസംരക്ഷണ നിയമങ്ങളും കാറ്റില്‍ പറത്തി വഴിയോര തണല്‍ മരങ്ങളെ നശിപ്പിക്കുന്ന സംഘങ്ങള്‍ സജീവമാകുന്നു.
വഴിയോര മരങ്ങളിലെ തോലുകള്‍ പൂര്‍ണ്ണമായും ഉരിച്ചെടുത്താണ് ഇത്തരം സംഘങ്ങള്‍ മരങ്ങളുടെ അന്തകരാവുന്നത്. ദേശീയ-സംസ്ഥാനപാതയോരങ്ങളിലും ഗ്രാമീണ റോഡുകളിലുമായി റോഡിനിരുവശത്തുമുള്ള തണല്‍ മരങ്ങളും ഔഷധമരങ്ങളുമാണ് കത്തിക്കിരയാക്കുന്നത്. വേപ്പ്, ഉങ്ങ്, തുടങ്ങി ഔഷധമരങ്ങളുള്പ്പെടെ എല്ലാ മരങ്ങളുടെയും പച്ചത്തോലുകളാണ് പ്രത്യേകതരത്തില്‍ ഉരിഞ്ഞെടുക്കുന്നത്.
സംഘങ്ങളുടെ കയ്യിലുള്ള പ്രത്യേകതരം മെഷീനുകളും, കഠാരപോലത്തെ കത്തികളുമുപയോഗിച്ച് ‘ഒ’ ആകൃതിയില്‍ മരങ്ങളില്‍ വരയ്ക്കുകയും ശേഷം മരത്തിന്റെ ശിഖരം മുതല്‍ അടിഭാഗം വരെയുള്ള തോലുകള്പൂര്ണ്ണമായും വലിച്ചെടുക്കുകയാണ് രീതി. ഇത്തരത്തില്‍ തോലുകള്‍ ഉരിഞ്ഞമരങ്ങള് പൂര്ണ്ണസ്ഥിതിയാലാവാന് പിന്നീട് വര്‍ഷങ്ങള്‍ വേണ്ടിവരും.
ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തി മേഖലയായ കൊഴിഞ്ഞാമ്പാറ കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ തോലുകള്‍ വിറ്റുകാശാക്കുന്ന മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതെന്ന്. പകല്‍ സമയങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ സംഘങ്ങളായി സഞ്ചരിച്ച് തോലുകള്‍ ശേഖരിക്കുന്ന സംഘങ്ങള്‍ കൊഴിഞ്ഞാമ്പാറ സമീപമുള്ള പ്രദേശത്തെത്തി വേര്‍തിരിക്കുന്ന തോലുകള്‍ വാങ്ങാന്‍ പ്രത്യേകം സംഘങ്ങളെത്തും.
ഓരോതരത്തിലുള്ള തോലുകള്‍ക്കും പ്രത്യേകം വില ഇട്ടാണ് സംഘങ്ങള്‍ക്കു നല്‍കുന്നത്.ഇതില്‍ ഔഷധമരങ്ങളുടെ തോലുകള്ക്കാണ് വിപണിയില്‍ കൂടുതല്‍ വില കിട്ടുന്നതെന്നാണ് രംഗത്തുള്ളവര്‍ തന്നെ പറയുന്നത്.ഇത്തരത്തില്‍ പല മേഖലകളായി തിരിഞ്ഞു സംഘങ്ങളായി പ്രവര്‍ത്തിക്കുന്നത് മരങ്ങളില്‍ നിന്നും ഉരിച്ചെടുക്കുന്ന തോലുകള്‍ ലോഡുകണക്കിനു തോലുകളാണ് മാസം തോറും അതിര്‍ത്തിഗ്രാമങ്ങളില്‍ നിന്നും കയറ്റിപ്പോവുന്നത്.
ഔഷധനിര്‍മ്മാണ കമ്പനികള്‍ക്ക് ഇത്തരത്തില്‍ തോലുകള്‍ ശേഖരിക്കുന്നത് കഴിയാത്തതിനാലാണ് ഇത്തരത്തില്‍ തോലുരിക്കുന്ന സംഘങ്ങള്‍ രംഗത്ത് സജീവമാകാന്‍ കാരണമാവുന്നത്. വനസംരക്ഷണനിയമപ്രകരാം ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യമായ കുറ്റമല്ലെന്നതും പിടിക്കപ്പെട്ടാല്‍ തന്നെ വനപാലകര്‍ കേവലം 100രൂപ വരെയോ പിഴചുമത്തുവെന്നതുമാണ് സംഘങ്ങളെ ഇത്തരംപ്രവൃത്തികള്ക്കു തുണയാവുന്നത്.
അയല്‍ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമൊക്കെ മരങ്ങള്‍ നശിപ്പിക്കുന്നതിനെതിരെ നിയമം കര്‍ശനമാണെങ്കിലും കേരളത്തിന് ഇത് കാര്യക്ഷമമാകാത്തതാണ് ഇത്തരത്തില്‍ മറവില്‍ മരങ്ങളുടെ അന്തകരാവുകാന് കാരണമാവുന്നത്. ഇത്തരത്തില്‍ മരങ്ങളുടെ തോലുരിക്കുന്ന സംഘങ്ങളെ പലതവണ താക്കീതു ചെയ്തിട്ടുള്ള ഇവരുടെ പ്രവര്‍ത്തനം പരസ്യമായി തുടരുകയാണെന്നും ഇതിനെതിരെ കര്‍ശനനടപടിയുമായി മുന്നോട്ടു പോവാനാണ് തീരുമാനമെന്നും പരിസ്ഥിതിപ്രവര്‍ത്തകനും തണല്‍മരങ്ങളുടെ സംരക്ഷകനുമായ രാംകുമാര്‍ പറയുന്നു.
ഒറ്റപ്പെട്ടറോഡുകളിലും വിജനമായ പ്രദേശങ്ങളിലും പകല്‍ സമയത്തു പോലും നടക്കുന്ന ഇത്തരം പ്രവണതകള്‍ പലരും കണ്ടില്ലെന്നുനടിക്കുന്നതുമൂലം ആയിരക്കണക്കിനു മരങ്ങളാണ് ഓരോദിവസവും സാമ്പത്തിക ലാഭത്തിനുവേണ്ടി നശിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: