പാലക്കാട്: പാര്‍ട്ടിക്കാര്‍ക്കു വേണ്ടി പാര്ട്ടിക്കാരാല് നയിക്കുന്ന ഭരണകൂടമായി സംസ്ഥാന സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്ന് ബിജെപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.മുരളീധര്‍റാവു അഭിപ്രായപ്പെട്ടു. ബിജെപി പാലക്കാട് ലോകസഭ മണ്ഡലം കണ്വെന്ഷന് ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനെതിരെ മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപി ക്കുമാത്രമേ കഴിയൂ. ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇവര്‍ക്ക് ജെഎന്‍യുവിലും ദല്‍ഹിയിലും ജനാധിപത്യധ്വംസനത്തെക്കുറിച്ച് പറയുവാന്‍ നൂറു നാക്കാണ്. കാശ്മീരിലെ വിഘടവാദികളുടെയും ദേശദ്രോഹികളുടെയും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുവാനും ആവേശമാണ്. എന്നാല്‍ കേരളത്തില്‍ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തിനിടയാക്കിയവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപിയെ കാണാനെത്തിയ അമ്മയെ നടുറോഡില്‍ വലിച്ചിഴച്ച ജനാധിപത്യധ്വംസനത്തെക്കുറിച്ച് പാര്‍ട്ടിവക്താക്കള്‍ ഒരക്ഷരം പറയുന്നില്ല.കേരളത്തിലിന്ന് ഫാസിസ്റ്റ് ഭരണമാണ്.ക്രമസമാധാന നില തകര്‍ന്നു. സാധാരണക്കാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും, പിന്നോക്ക വിഭാഗക്കാരുടെയും ജീവന് സംരക്ഷിക്കുവാന്‍ കഴിയാത്ത ഭരണാധികാരിയാണ് കേരളം ഭരിക്കുന്നത്.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും സമാജ്വാദ് പാര്‍ട്ടിയും ഒരുമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ ബിജെപി അധികാരത്തിലേറി. ഇതിനിടെ രാജ്യസഭയിലെ തന്റെ അംഗത്വം നിലനിര്‍ത്താന്‍ യെച്ചൂരി കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തുകയാണ്. താമസിയാതെ സിപിഎം ബംഗാളിലെ മ്യൂസിയം പാര്‍ട്ടിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം ഏറെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ശത്രുക്കളെ പോലെ പെരുമാറുമ്പോള്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു.
നോട്ട് നിരോധനം തെരഞ്ഞെടുപ്പില്‍ ബിജെപിയെ ബാധിക്കുമെന്ന് പറഞ്ഞതിനുള്ള ചുട്ടമറുപടിയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വിജയം. ജിഎസ്ടി ബില്‍ പാസാക്കി, കള്ളപ്പണം തടയുന്നതിന് ഡിജിറ്റലൈസേഷന് കൊണ്ടുവന്നു.ഒബിസി വിഭാഗങ്ങള്‍ക്കായി പുതിയൊരു കമ്മീഷന് ആരംഭിച്ചു.
പാവങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് രൂപ കേരളത്തിന് അനുവദിച്ചെങ്കിലും അത് അവകാശപ്പെട്ടവര്‍ക്ക് ലഭിച്ചില്ല. കേരള സര്‍ക്കാര്‍ പ്രസ്തുത തുക വകമാറ്റി ചെലവഴിക്കുകയാണുണ്ടായത്.
2019ലെ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കുന്നതിന് ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. 2014ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മണ്ഡലങ്ങളില്‍ വിജയിക്കുകയെന്നതായിരിക്കണം ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. ഒ.രാജഗോപാല്‍ എംഎല്‍എ, സംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രന്, മധ്യമേഖലാ ജന.സെക്രട്ടറി പി.വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. നേതാക്കളായ എം.ഗണേശന്, സി.കൃഷ്ണകുമാര്‍, എസ്.ആര്.ബാലസുബ്രഹ്മണ്യം, വി.രാമന്‍കുട്ടി, പ്രമീള ശശിധരന്, അഡ്വ.നാരായണന് നമ്പൂതിരി,കെ.വി.ജയന്, കെ.ജി.പ്രദീപ് കുമാര്‍. പി.ഭാസി, കെ.എ.സുലൈമാന്‍, സിന്ധുരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: