പത്തനംതിട്ട:ജില്ലയുടെ വികസന പ്രതീക്ഷകള്‍ക്ക് കൂടുതല്‍ കരുത്തേകി മിഷന് കേരളയുടെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാറില്‍ ഉയര്‍ന്നു വന്നത് പുതിയ ആശയങ്ങള്‍,
മണ്ണില്‍ റീജന്‍സിയില്‍ നടന്ന സെമിനാറില്‍ ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാനും ഡോ.എപിജെ അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ചെയര്‍മാനുമാനുമായ ഡോ.ജി.മാധവന് നായര്‍ അദ്ധ്യക്ഷനായി. ബിജെപി സംസ്ഥാന ട്രഷറര്‍ കെ.ആര്.പ്രതാപചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ തയ്യാറാക്കാത്തതാണ് പ്രധാന പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു. താത്ക്കാലിക സാമ്പത്തിക, രാഷ്ട്രീയ നേട്ടം മാത്രമാണ് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റബ്ബര്‍ അധിഷ്ഠിത വ്യവസായവും മലയോര റെയില്‍വേയും അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയ്ക്ക് ആവശ്യമെന്ന് ആമുഖ പ്രസംഗം നടത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട പറഞ്ഞു. പമ്പാനദിയേയും പരിസ്ഥിതി ലോല പ്രദേശങ്ങളെയും സംരക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ പരിസ്ഥിതി സൗഹൃദ വികസനമാണ് ജില്ലയ്ക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
മഴ പെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളം നദികളിലൂടെ കടലില്‍ എത്തുന്നതായും വെള്ളം സംഭരിക്കാനുള്ള പ്രകൃതിദത്തമായ സംവിധാനങ്ങള്‍ ഇല്ലാതായതാണ് രൂക്ഷമായ വരള്‍ച്ചക്ക് കാരണമെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്.നായര്‍ പറഞ്ഞു.
50 വര്‍ഷം മുന്നില്‍ കണ്ടുവേണം വികസന പദ്ധതികള്‍ തയ്യാറാക്കാനെന്നും എല്ലാ വിഭാഗം ജനങ്ങളെയും കണ്ടുകൊണ്ടാകണം വികസനമെന്നും സാമൂഹ്യ പ്രവര്‍ത്തക ഡോ. എം.എസ്.സുനില്‍ പറഞ്ഞു. പമ്പാനദിയിലെ മണല്‍ സംരക്ഷിച്ചു കൊണ്ട് സ്വാഭാവിക പ്രക്രിയയിലൂടെ നദിയെ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി വേണമെന്ന് ഭാരതീയ വിചാര കേന്ദ്രം ജില്ലാ അധ്യക്ഷന്‍ എം.എ.കബീര്‍ അഭിപ്രായപ്പെട്ടു.
അന്തരീക്ഷ താപനില വര്‍ധിക്കുന്നത് ഉള്‍ക്കൊണ്ടാവണം വികസന പ്രവര്‍ത്തനങ്ങളെന്നും പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങളെ കോളനി സംസ്ക്കാരത്തില്‍ നിന്നും മുക്തരാക്കണമെന്നും സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു. ബിജെപി പ്രൊഫഷണല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ എ. ശൈലേന്ദ്രനാഥ്, ഐഡിയല്‍ ശ്രീകുമാര്‍, അനില്‍ സി.കെ.ബൊക്കാറോ എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: