സംസ്ഥാനത്ത് ഹൃദയാഘാതം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. ജീവിതശൈലിയിലും ഭക്ഷണശീലത്തിലുമുള്ള മാറ്റമാണ് ഹൃദയാഘാതം ഉണ്ടാകാനുള്ള പ്രധാന കാരണം. ഭക്ഷണത്തിലും തെറ്റായ ജീവിതക്രമത്തിലും മാറ്റം വരുത്താന്‍ തയ്യാറായാല്‍ ഹൃദയാഘാതത്തെ ഒരു പരിധിവരെ അകറ്റി നിര്‍ത്താം. അതിന് ആരോഗ്യകരമായ ഭക്ഷണശീലവും ജീവിതശൈലിയും വളരെ ചെറുപ്പത്തില്‍ തന്നെ സ്വായത്തമാക്കേണ്ടതാണ്. അതിന് കഴിഞ്ഞിട്ടില്ലാത്തവര്‍ തെറ്റായ ശീലങ്ങള്‍ മാറ്റണമെന്ന് ഇന്ന് തന്നെ തീരുമാനം എടുത്താല്‍ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമുക്ക് സാധിക്കും.
വ്യായാമം ചെയ്തുകൊണ്ടുള്ള ഇസിജി ഹൃദയാഘാതത്തെ തടയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണെന്ന് റിനൈ ഹാര്‍ട്ട് സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. വിശ്രമിക്കുമ്പോള്‍ ചെയ്യുന്ന ഇസിജി ഹൃദയാഘാതത്തെ മനസ്സിലാക്കാന്‍ സഹായിക്കുമ്പോള്‍ വ്യായാമം ചെയ്തുകൊണ്ടുള്ള ഇസിജിക്ക് മാത്രമേ ഹൃദയാഘാതമുണ്ടാക്കിയേക്കാവുന്ന ബ്ലോക്കുകളെ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളൂ. ഈ ടെസ്റ്റ് ട്രെഡ്മില് ടെസ്റ്റ് അഥവ സ്ട്രെസ് ഇസിജി എന്നാണ് അറിയപ്പെടുന്നത്. പരിശോധനയില്‍ ഒരു വ്യക്തിയുടെ ഇസിജിയും എക്കോ ടെസ്റ്റും നോര്‍മല്‍ ആണെങ്കിലും ആ വ്യക്തിക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
എറണാകുളം റിനൈ മെഡിസിറ്റിയിലെ റിനൈ ഹാര്‍ട്ട് സെന്ററിനെ കേന്ദ്രമാക്കി മലബാര്‍ ഹാര്‍ട്ട് ഫൗണ്ടേഷന് എന്ന സംഘടന 2000 രോഗികളില്‍ നടത്തിയ ഒരു പഠനത്തില്‍ വാര്‍ഷിക ഹൃദയ പരിശോധന വഴി ഹൃദയാഘാതം പൂര്‍ണ്ണമായി തടയാനാകും എന്ന് തെളിഞ്ഞിരിക്കുന്നു. എറണാകുളം, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള 40 നും 60 നും മധ്യേപ്രായമുള്ള വ്യക്തികളില്‍ 2011-2015 കാലയളവില്‍ നടത്തിയ ഈ പഠനത്തിന് നേതൃത്വം നല്‍കിയത് ഹൃദ്രോഗ വിദഗദ്ധരായ ഡോ. കുല്‍ദീപ് കുമാര്‍, ഡോ.ഗോപാലകൃഷ്ണന്, ഡോ.മുഹമ്മദ് അലി തുടങ്ങിയവരാണ്.
2011 ല്‍ തെരഞ്ഞടുത്ത ഹൃദ്രോഗ ലക്ഷണങ്ങളില്ലാത്ത 2000 വ്യക്തികളില്‍ 1250 പുരുഷന്മാരെയും 750 സ്ത്രീകളെയും വാര്‍ഷിക പരിശോധന നടത്തുകയും നിരീക്ഷിക്കുകയും ചെയ്താണ് പഠനം നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ എല്ലാവരും എല്ലാ വര്‍ഷവും ലിപ്പിഡ് പ്രൊഫൈല്‍, ഇസിജി, സ്ട്രെസ് ഇസിജി തുടങ്ങിയ ടെസ്റ്റുകള്‍ക്ക് വിധേയരായി. ടിഎംടി അഥവ സ്ട്രെസ് ഇസിജിയില്‍ വ്യതിയാനം കണ്ടവരെ കൊറോണറി ആന്‍ജിയോഗ്രാം എന്ന ടെസ്റ്റിന് വിധേയരാക്കി. ഹൃദയാഘാതം വരാന്‍ സാധ്യതയുള്ള ബ്ലോക്കുകളെല്ലാം ആന്‍ജിയോപ്ലാസ്റ്റിയോ ബൈപ്പാസ് സര്‍ജറിയോ മുഖേന ചികിത്സിച്ചു ഭേദമാക്കി. ഈ നാല് വര്‍ഷത്തിനുള്ളില്‍ പഠനവിധേയരായ ആര്‍ക്കും ഹൃദയാഘാതം വരികയുണ്ടായില്ല.
സാധാരണഗതിയില്‍ ഈ 2000 പേരില്‍ 20 പേര്‍ക്കെങ്കിലും ഹൃദയാഘാതവും അഞ്ചു പേര്‍ക്കെങ്കിലും ജീവഹാനിയോ സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ദിനംപ്രതി അറുനൂറോളം ഹൃദയാഘാതവും 120 ല്‍ പരം ഹൃദയാഘാതം മൂലമുള്ള മരണങ്ങളും നടക്കുന്ന കേരളത്തില്‍ 40 വയസ്സ് കഴിഞ്ഞ എല്ലാവരും വാര്‍ഷിക ഹൃദയ പരിശോധനയ്ക്ക് വിധേയരായാല്‍ കേരളത്തിലെ ഹൃദയാഘാത നിരക്ക് ഗണ്യമായി കുറയ്ക്കുവാന്‍ സാധിക്കും. തെരഞ്ഞടുക്കപ്പെട്ട 2000 വ്യക്തികളില്‍ ആദ്യവര്‍ഷം 125 പേരില്‍ ടിഎംടി പരിശോധനയില്‍ വ്യത്യാസങ്ങള്‍ കണ്ടെത്തി. അവരെ ആന്‍ജിയോ ഗ്രാമിന് വിധേയരാക്കി. ഹൃദയാഘാതമുണ്ടായേക്കാവുന്ന ബ്ലോക്കുകള്‍ കണ്ടെത്തിയവരില്‍ 83 പേര് ആന്‍ജിയോപ്ലാസ്റ്റിക്കും 20 പേര് ബൈപ്പാസ് ഓപ്പറേഷനും വിധേയരായി. ചികിത്സക്ക് വിധേയരായ രോഗികളെയും പഠനത്തില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്കാര്‍ക്കും ഈ നാല് വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതമുണ്ടായില്ല.
രണ്ടാമത്തെ വര്‍ഷത്തില്‍ പുതുതായി 50 പേര് കൂടി ടി.എം.ടി ടെസ്റ്റില്‍ വ്യതിയാനങ്ങള്‍ കാണിച്ചു. ഈ അമ്പതുപേര്‍ കഴിഞ്ഞ വര്‍ഷത്തില്‍ നോര്‍മല്‍ ടെസ്റ്റ് ആയിരുന്നു. ഈ അമ്പതുപേരില്‍ ഹൃദയാഘാതം തടയാന്‍ 24 പേര്‍ക്ക് ആന്ജിയോപ്ലാസ്ടിയും 12 പേര്‍ക്ക് ബൈപ്പാസ് സര്‍ജറിയും വേണ്ടിവന്നു. മൂന്നാമത്തെ വര്‍ഷത്തില്‍ പുതിയതായി 35 പേരില്‍ കൂടി ടിഎംടി ടെസ്റ്റില്‍ വ്യതിയാനങ്ങള്‍ കാണിച്ചു. അവരില്‍ 14 പേര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റിയും ഒമ്പതുപേര്‍ക്ക് ബൈപ്പാസ് സര്‍ജറിയും വേണ്ടിവന്നു.
ഈ പഠനങ്ങളില്‍ കാണിക്കുന്നത് 40 വയസ്സ് കഴിഞ്ഞ എല്ലാവരും വാര്‍ഷിക ഹൃദയ പരിശോധനയ്ക്ക് വിധേയരാവുകയാണെങ്കില്‍ കേരളത്തിലെ ഹൃദയാഘാത നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും എന്നാണ്.
(പാലാരിവട്ടം റിനൈ മെഡിസിറ്റിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോ തൊറാസിക് സര്‍ജനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: