ഏറെ കൊട്ടിഘോഷിക്കപ്പെട്ട വയനാട്മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു അനക്കവുമില്ല. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന നിരന്തര പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പ്രവൃത്തി ഉദ്ഘാടനം നടത്തി പ്രതിഷേധം തണുപ്പിക്കുക മാത്രമാണ് രണ്ട് സര്‍ക്കാരുകളും ചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ വയനാട് മെഡിക്കല്‍ കോളജിന് ഒന്നും നല്‍കാതിരുന്നത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിനു വേണ്ടി റോഡുവെട്ടിയത്. പക്ഷേ റോഡ് നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടില്ല.
2012ലെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടും നാലു വര്‍ഷം കൊണ്ട് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് പ്രതിരോധം തീര്‍ക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ പ്രധാന ഇനമായ മെഡിക്കല്‍ കോളജ് അനിശ്ചിതത്വത്തിലായതോടെ എംഎല്‍എയുടെ ഇമേജിന് തന്നെയാണ് അത് കോട്ടം തട്ടിയിരിക്കുന്നത്.
2012ല്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളജിന് വേണ്ടി റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്തത് 2016 ഫെബ്രുവരി രണ്ടിനാണ്. പുതിയ സര്‍ക്കാര്‍ വന്നതോടെ കാര്യങ്ങള്‍ വേഗത്തിലാവുമെന്നായിരുന്നു ജില്ലയുടെ പ്രതീക്ഷ. എന്നാല്‍ ബജറ്റില്‍ തുക നീക്കിവെച്ചില്ല. അതോടെ വിവിധ സംഘടനകള്‍ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തി.
ഈ പ്രശ്നത്തില്‍ സജീവമായി ഇടപെടാന്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ തയാറാവുന്നില്ല. ജില്ലയുടെ ആരോഗ്യ മേഖലക്കുവേണ്ടി അവസരങ്ങളൊന്നും മൂന്നു എംഎല്‍എമാരും പ്രയോജനപ്പെടുത്തിയില്ല.
വയനാട്ടിലെ ആദിവാസികളടക്കമുള്ള ജനതയുടെ ആരോഗ്യരക്ഷയാണ് അവതാളത്തിലാക്കുന്നതാണ് സര്‍ക്കാറിന്റെ സമീപനം. സ്വകാര്യമെഡിക്കല്‍ കോളജിനെ പരോക്ഷമായി സഹായം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന ആക്ഷേപവും ശക്തമാണ്.
നിയമസഭ സമ്മേളനത്തില്‍ വയനാടിനുവേണ്ടി ഒരു ചോദ്യവുമുയര്ന്നില്ല. 14ാം നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ വയനാട്ടിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണം പോലും ഉണ്ടായില്ല. പ്രത്യേകിച്ച് വയനാട് മെഡിക്കല്‍ കോളജ് അനിശ്ചിതത്വത്തില്‍ നില്‍ക്കവെ അതുമായി ബന്ധപ്പെട്ട് പോലും ഒരു അന്വേഷണവും ഉണ്ടായില്ലെന്നത് വലിയ വീഴ്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: