കൊല്ലം: വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വളരാന്‍ പോകുന്ന മൂന്നാം രാഷ്ട്രീയബദല്‍ സിപിഎമ്മിന്റെ ഉറക്കം കെടുത്തിയെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം ശോഭാ സുരേന്ദ്രന്. ഇടതുവലതുമുന്നണികളുടെ അഴിമതികളിലും ഒത്തുകളിയിലും മനംമടുത്ത പൊതുസമൂഹത്തിന് വേണ്ടി മൂന്നാം ബദലിന് പരിശ്രമിക്കുന്ന വെള്ളാപ്പള്ളി നടേശനെ വളഞ്ഞിട്ട് ആക്രമിക്കുന്ന സിപിഎമ്മിന്റെ പുതിയ ചട്ടുകമായാണ് ബിജുരമേശ് പ്രവര്‍ത്തിക്കുന്നത്. മൈക്രോഫിനാന്‍സിലും മറ്റും തട്ടി പരാജയപ്പെട്ടപ്പോള്‍ ശാശ്വതീകാനന്ദവിഷയം ഉന്നയിക്കുകയാണവര്. 13 വര്‍ഷം ഇടതുവലതുമുന്നണികള് ഭരണത്തില്‍ ഇരുന്നപ്പോള്‍ തോന്നാത്ത സ്നേഹം ഇപ്പോള്‍ സ്വാമിയോട് എവിടെ നിന്നുവന്നു എന്നത് വ്യക്തമാണ്.
ജനകീയബദലിന്റെ മുന്നേറ്റവും ശക്തിയാര്‍ജിക്കലും പൂര്‍ണതയിലെത്തുമ്പോള്‍ കേരളത്തില്‍ സിപിഎമ്മിന്റെ ഗതി പശ്ചിമബംഗാളിനേക്കാള്‍ ദയനീയമായിരിക്കും. ഗുരുദേവപാരമ്പര്യവും ശാശ്വതീകാനന്ദ ഭക്തിയും കാണിക്കുന്ന പിണറായി വിജയന് വേദമോതുന്ന ചെകുത്താനെ പോലെ അധഃപതിച്ചതായി ശോഭാ സുരേന്ദ്രന് ചൂണ്ടിക്കാട്ടി. മലപ്പുറത്ത് മുസ്ലിം ലീഗുമായി കൂട്ടുകൂടിയ സിപിഎമ്മിന് ഇപ്പോള്‍ ലീഗ് വര്ഗീയപാര്ട്ടിയല്ലാതായി. മതേതരപാര്‍ട്ടിയെന്ന് മേനി നടിക്കുന്ന സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചങ്ങാത്തം കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ട്. അവരുടെ പ്രതികരണം വരുമ്പോള്‍ സിപിഎം കര കയറാനാവാത്തവിധം തകര്‍ന്നടിയും. ബിജെപിയുമായി കൈക്കോര്ത്തതിനാല് വെള്ളാപ്പള്ളി നടേശനെ വേട്ടയാടാനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. മുമ്പെങ്ങുമില്ലാത്തവിധം വി.എം.സുധീരനെ പറഞ്ഞാല്‍ ആദ്യം വേദനിക്കുന്നത് പിണറായിവിജയനും കോടിയേരിക്കുമാണ്. അഴിമതിയില്‍ ഒത്തുതീര്‍പ്പ് നടത്തുന്ന ഇരുപാര്‍ട്ടികളും കൂടി ഡിവിഷനുകള്‍ തോറും ഒറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതാണ് നല്ലത്.
സിപിഎമ്മും കോണ്‍ഗ്രസും പ്രചരിപ്പിക്കുന്നത് പോലെ ബിജെപി ഹിന്ദുപാര്ട്ടിയല്ല. ഭാരതത്തിലെ ജനങ്ങളുടെ എല്ലാം പാര്‍ട്ടിയാണ്. 36 ലക്ഷം മുസ്ലിങ്ങള്‍ പാര്‍ട്ടിയില്‍ അംഗങ്ങളാണ്. സിപിഎമ്മിന് പോലും ഇത് അവകാശപ്പെടാനില്ല. രാജ്യത്തിന്റെ സംസ്കാരത്തില്‍ വിശ്വസിക്കുന്നവരാണ് ബിജെപിയില്‍ ചേരുന്നത്. ബീഫ് ഫെസ്റ്റ് നടത്തി കലാലയങ്ങളെ കലാപകേന്ദ്രങ്ങളാക്കി മാറ്റാനാണ് സിപിഎം കുട്ടിസഖാക്കളെ ഇളക്കിവിടുന്നത്. സ്വന്തം മക്കളെ അമേരിക്കയിലും പാരിസിലും മറ്റ് വിദേശരാജ്യങ്ങളിലും സുരക്ഷിതരാക്കിയിട്ട് പാവപ്പെട്ടവന്റെ മക്കളെ തലതിരിഞ്ഞവരാക്കുന്ന സിപിഎം നയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ശോഭാസുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: