തിരുവനന്തപുരം: സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയില്‍ ചേര്‍ത്തിട്ടുള്ള ഹെല്‍മറ്റ് ചിഹ്നം ഒഴിവാക്കുവാനോ മരവിപ്പിക്കുവാനോ തത്കാലം നിര്‍വാഹമില്ലെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള ചിഹ്നങ്ങളുടെ കൂട്ടത്തിലുള്ള വിചിത്രരൂപത്തിലുള്ളതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹെല്‍മറ്റ് പിന്‍വലിക്കണമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനോട് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അഭ്യര്‍ഥിച്ചിരുന്നു.
തെരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചതിനാല്‍ തുടര്‍നടപടികളുടെ ഭാഗമായി ചിഹ്നം തത്കാലത്തേക്കു ഇടക്കാല ഉത്തരവിലൂടെ മരവിപ്പിക്കണമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. കമ്മീഷന് സെക്രട്ടറി പി. ഗീതയാണ് ഇതിന് മറുപടി നല്‍കിയത്.
സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കായി അനുവദിച്ചിട്ടുള്ള ചിഹ്നങ്ങളുടെ കൂട്ടത്തില്‍ നാല്പ്പതാമത്തേതാണ് ഹെല്‍മറ്റ്. എന്നാല്‍ ഹെല്‍മറ്റ് എന്നു എഴുതിവച്ചാല്‍ മാത്രമേ ചിഹ്നം മനസിലാകൂ. ഇതും ഒരു തരം ഹെല്മറ്റാണെന്നു വാദിക്കാമെങ്കിലും തെറ്റിദ്ധാരണ ഉളവാക്കുന്ന ചിഹ്നം ഔദ്യോഗികമായി പ്രസിദ്ധീകരിക്കരുതെന്നായിരുന്നു ആവശ്യം. വിവിധ ഉപയോഗങ്ങള്‍ക്കായി പല തരം ഹെല്‍മറ്റുകള്‍ വിപണിയിലുണ്ടെങ്കിലും മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ളതാണ് ജനസാമാന്യത്തിനിടയില്‍ പൊതുവേ അറിയപ്പെടുന്നത്. നിയമപ്രകാരം അവയ്ക്കു നിശ്ചിത ആകൃതിയുണ്ട്.
കൂടാതെ മാനദണ്ഡങ്ങള്‍ പാലിച്ചു ബിസ് (ഐഎസ്ഐ) മുദ്ര നേടേണ്ടതുമുണ്ട്. മുഖംമറയും (വൈസര്‍) താടി പട്ടയും (ചിന് സ്ട്രാപ്പ്) അതിന്റെ അത്യാവശ്യ ഘടകങ്ങളാണ്. എന്നാല്‍ തെരഞ്ഞെടുപ്പു ചിഹ്നത്തിലെ ഹെല്‍മറ്റിന് അതൊന്നുമില്ല. കൂടാതെ ഈ ശിരോകവചം ഏതുപയോഗത്തിനുള്ളതാണെന്നു വ്യക്തവുമല്ല. പ്രാചീന യുദ്ധഭടന്മാര്‍ അണിയുന്നതു പോലുള്ള പടത്തൊപ്പിയാണെന്നു പെട്ടെന്നു ഒറ്റനോട്ടത്തില്‍ തോന്നാം.
നിലവിലുള്ള പട്ടികയില്‍ പ്രതിരൂപത്തിലാക്കിയ ചിഹ്നം ഏതിനം ഹെല്മറ്റാണെന്നു രേഖപ്പെടുത്തണം. ഓരോതരം പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഹെല്‍മറ്റുകള്‍ വിവിധ തരത്തിലും ഗുണത്തിലുമുള്ളതാണ്. കാഴ്ചയിലും വ്യത്യസ്തം. മോട്ടോര്‍ സൈക്കിളുകാര്ക്കുള്ളതും സൈക്കിള്‍ യാത്രക്കാര്‍ക്കുള്ളതും വ്യത്യസ്ഥമാണ്. ഫാക്ടറി ജോലിക്കാര്‍ വയ്ക്കുന്ന സേഫ്റ്റി ഹെല്‍മറ്റും പോലീസുകാര്‍ വയ്ക്കുന്ന റയട്ട് ഹെല്‍മറ്റും വെവ്വേറെയാണ്. ഇരുചക്രവാഹനക്കാര്ക്കുള്ളതാണെങ്കില് തന്നെ ഫുള്‍ ഫേസ്, ഓപ്പണ്‍ ഫേസ്, ഹാഫ് ഫേസ് തുടങ്ങി പല തരങ്ങളില്‍ ലഭ്യമാണ്.
കൂടെയുള്ള വിശദമായ വിവരണം വായിച്ചാല്‍ മാത്രമാണ് ചിഹ്നം മനസിലാക്കാനാകൂ എന്ന അവസ്ഥ മാറ്റേണ്ടതുണ്ട്. വെളുപ്പു കൂടുതലുള്ള ‘ബ്ലാക്ക് ബോര്‍ഡ്’, പുല്ലു ചെത്തുന്ന രീതിയിലുള്ള ‘വിളവെടുക്കുന്ന കര്ഷകന്’, മൂന്നു ഇതളുള്ള രണ്ടു പൂക്കളടങ്ങിയ ‘പുഷ്പങ്ങളും പുല്ലും’ തുടങ്ങിയവ ഉദാഹരണങ്ങള്‍. അതിനാല്‍ ഇപ്പോഴുള്ള ഹെല്‍മറ്റ് ചിഹ്നം തുടരാനാണ് തീരുമാനിക്കുന്നതെങ്കില്‍ അത് ഏത് ഇനം ഹെല്‍മറ്റ് ആണെന്നു വിവരണത്തിലൂടെ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: