പാലക്കാട്: നഗരസഭയില്‍ തന്റെ ആറാം അങ്കത്തിനൊരുങ്ങുമ്പോള്‍ എന്‍.ശിവരാജന് എന്ന പാലക്കാട്ടുകാരുടെ ശിവരാജേട്ടന് കാണുന്ന ഒരു സ്വപ്നമുണ്ട്. മലീമസമായ ഭരണത്തില്‍ നിന്ന് നഗരത്തെ മോചിപ്പിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭരണം. കാല്‍നൂറ്റാണ്ട് കാലം കൗണ്‍സിലര്‍ പദവിയിലിരുന്ന താന്‍ ഇക്കുറി ഭൂരിപക്ഷമുള്ള ഭരണസമിതിയില്‍ അംഗമാകുമെന്നാണ് വിശ്വാസം.
പാലക്കാട്ടുകാര്‍ക്ക് ഏറെ സുപരിചിതനായ ശിവരാജേട്ടന് ഇത്തവണയും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. ഇത്തവണ 46-ാംവാര്‍ഡായ വലിയങ്ങാടിയിലാണ് അദ്ദേഹം ജനവിധി തേടുന്നത്. പാലക്കാടന്‍ രാഷ്ട്രീയത്തിന്റെ ഓരോ മാറ്റങ്ങളും അദ്ദേഹത്തിനറിയാം. കുട്ടിക്കാലം മുതല്‍ക്കെ ആര്‍എസ്എസ് ശാഖയില്‍ പങ്കെടുത്തിരുന്ന അദ്ദേഹം 1974 മുതല്‍ ജനസംഘത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1975ലെ അടിയന്തരാവസ്ഥ കാലത്ത് സത്യാഗ്രഹം നടത്തുകയും രണ്ടുതവണ ജയിലില്‍ പോവുകയും മൂന്നുമാസക്കാലം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ യുവജനതയുടെ പാലക്കാട് മണ്ഡലം പ്രസിഡന്റായി ചുമതലയേറ്റു, രണ്ടുവര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നു.
1980 ല്‍ ബിജെപി രൂപീകരിച്ചപ്പോള്‍ യുവമോര്‍ച്ച ജില്ലാ ജന.സെക്രട്ടറിയായി. 1980 ഡിസംബറില്‍ മുംബൈയിലെ ബാന്ദ്രയില്‍ നടന്ന ബിജെപിയുടെ ആദ്യസമ്മേളനത്തില്‍ പാലക്കാട് നിന്ന് പങ്കെടുത്തവരില്‍ ഒരാളായിരുന്നു ശിവരാജേട്ടന്. 1983ല്‍ ബിജെപി മണ്ഡലം ജന.സെക്രട്ടറിയായി. പിന്നീട് മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജന.സെക്രട്ടറി, 2003 മുതല്‍ 2006 വരെ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2006-2009 വരെ ജില്ലാ പ്രഭാരിയായും തുടര്‍ന്ന് മേഖലാ പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ ബിജെപി ദേശിയ കൗണ്‍സില്‍ അംഗമാണ്. 1988 ല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് വാര്‍ഡായിരുന്ന 30-ാം വാര്‍ഡ് പിടിച്ചെടുത്തുകൊണ്ടാണ് കൗണ്‍സിലര്‍ ജീവിതം ആരംഭിക്കുന്നത്.
1995ലും 2000ത്തിലും അതേ വാര്‍ഡില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. 2005 ല്‍ ഈ വാര്‍ഡ് വനിത സംവരണമായപ്പോള്‍ സിപിഎമ്മിന്റെ സിറ്റിംഗ് വാര്‍ഡായ 46 ല്‍ മത്സരിച്ചു. റെക്കോര്‍ഡ് വിജയമായിരുന്നു അന്നു കൈവരിച്ചത്. 2010 ല്‍ വീണ്ടും 30ാം വാര്‍ഡില്‍ തന്നെ മത്സരിക്കുകയും 1005 വോട്ട് ഭൂരിപക്ഷം നേടി വന്‍ വിജയം കരസ്ഥമാക്കുകയും ചെയ്തു. ഇത്തവണ 46 ാം വാര്‍ഡായ വലിയങ്ങാടിയില്‍ ജനവിധി തേടുമ്പോഴും ഭൂരിപക്ഷം എത്രയാകും എന്ന കാര്യത്തില്‍ മാത്രമേ ശിവരാജേട്ടന് സംശയമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: