ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇടതു വലതു രാഷ്ട്രീയ സമവാക്യങ്ങള്‍ അട്ടിമറിച്ച് ബിജെപിക്ക് വന്‍ മുന്നേറ്റം. തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതു കൂടാതെ മാവേലിക്കര നഗരസഭയില്‍ യുഡിഎഫിനെ പിന്തള്ളി രണ്ടാം സ്ഥാനം നേടാനും നാലു ഗ്രാമപഞ്ചായത്തുകളില്‍ മുന്നണികളെ പിന്തള്ളി കക്ഷിനിലയില്‍ രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്കു കഴിഞ്ഞു.
തിരുവന്‍വണ്ടൂര്‍ ബ്ലോക്ക് ഡിവിഷനിലും ബിജെപി ജയിച്ചു. ചെങ്ങന്നൂര്‍,കായംകുളം, ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിലും ബിജെപി മുന്നേറ്റമുണ്ടാക്കി. 2010ലേതിനേക്കാള്‍ മൂന്നിരട്ടിയിലേറെ സീറ്റുകള്നേടാന് ജില്ലയില്‍ ബിജെപിക്കു കഴിഞ്ഞു. ജില്ലയുടെ തെക്കന്‍ ഭാഗങ്ങളില്‍ എസ്എന്‍ഡിപി സഖ്യം ഏറെ പ്രയോജനപ്പെട്ടപ്പോള്‍ വടക്കന്‍ മേഖലകളില്‍ പലയിടങ്ങളിലും വിജയത്തിലെത്താന്‍ സാധിച്ചില്ല.
മാവേലിക്കര നഗരസഭയില്‍ ഇത്തവണ 9 കൗണ്‍സിലര്‍മാരെ വിജയിപ്പിക്കാന്‍ ബിജെപിക്കു സാധിച്ചു. 2010ല്‍ രണ്ടു കൗണ്‍സിലര്‍മാര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 28അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 12 സീറ്റുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന് ആറുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപിയുടെ ആറുപേര്‍ വിജയിച്ചു. ആകെ 13 അംഗങ്ങളുള്ളതില്‍ യുഡിഎഫിന് അഞ്ചും എല്‍ഡിഎഫിന് രണ്ടും അംഗങ്ങളാണുള്ളത്.
തിരുവന്‍വണ്ടൂര്‍ ബ്ലോക്ക് ഡിവിഷനില്‍ ബിജെപിയുടെ ശ്രീകല 275 വോട്ടുകള്‍ക്ക് വിജയിച്ചു. കായംകുളം നഗരസഭയില്‍ നേരത്തെ ഉണ്ടായിരുന്ന രണ്ടു സീറ്റുകള്‍ ഏഴാക്കി വര്‍ദ്ധിപ്പിക്കാന്‍ ബിജെപിക്കു സാധിച്ചു. പുതുതായി രൂപീകരിച്ച ഹരിപ്പാട്ട് ബിജെപി അക്കൗണ്ട് തുറന്നു. ചെങ്ങന്നൂരില്‍ ബിജെപിയുടെ മൂന്നു സ്ഥാനാര്‍ത്ഥികളും എന്‍ഡിഎയുടെ മൂന്ന് സ്ഥാനാര്‍ത്ഥികളും വിജയിച്ചു. ആലപ്പുഴയില്‍ ബിജെപിക്ക് നാലു കൗണ്‍സിലര്‍മാരെ വിജയിപ്പിക്കാന്‍ കഴിഞ്ഞു. നഗരസഭകളില്‍ ചേര്‍ത്തലയിലും ഹരിപ്പാടും യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ആലപ്പുഴയില്‍ കഷ്ടിച്ചാണ് ഭൂരിപക്ഷം ലഭിച്ചത്. ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം നഗരസഭകളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. ബിജെപി ഇവിടെ നിര്‍ണായകമാകും.
വെണ്മണി, ബുധനൂര്‍, ചുനക്കര, താമരക്കുളം ഗ്രാമപഞ്ചായത്തുകളിലാണ് കക്ഷിനിലയില്‍ രണ്ടാമതെത്താന്‍ ബിജെപിക്കു സാധിച്ചത്. വെണ്മണിയില് കക്ഷിനിലയില്‍ എല്‍ഡിഎഫിനൊപ്പമാണ് ബിജെപി. മറ്റിടങ്ങളില്‍ യുഡിഎഫിനെ മറികടന്നാണ് ബിജെപി രണ്ടാമതെത്തിയത്.
ജില്ലയിലെ ആകെയുള്ള 72 ഗ്രാമപഞ്ചായത്തുകളില്‍ 47 സ്ഥലത്ത് എല്‍ഡിഎഫും 24 പഞ്ചായത്തുകളില്‍ യുഡിഎഫും വിജയിച്ചു. ബ്ലോക്കു പഞ്ചായത്തുകളിലും എല്‍ഡിഎഫ് ആധിപത്യമാണ്. മൂന്നു ബ്ലോക്കു പഞ്ചായത്തുകള്‍ മാത്രമാണ് യുഡിഎഫ് ജയിച്ചത്. 9ഇടങ്ങളില്‍ എല്‍ഡിഎഫ് ജയിച്ചു. ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് വ്യക്തമായ ആധിപത്യം തുടര്‍ന്നു. ആകെ 23 ഡിവിഷനുകളില്‍ 16 ഇടത്തും എല്‍ഡിഎഫ് വിജയിച്ചു. 2010നേക്കാള്‍ വന്‍ മുന്നറ്റമാണ് ജില്ലയില്‍ എല്‍ഡിഎഫിനുണ്ടായത്.
2010ല്‍ എല്‍ഡിഎഫിന് 37 ഗ്രാമപഞ്ചായത്തുകളും യുഡിഎഫിന് 36ഉമാണ് ഉണ്ടായിരുന്നത്. ബ്ലോക്കുപഞ്ചായത്തുകള്‍ 7എണ്ണം യുഡിഎഫിനുണ്ടായിരുന്നു. മുസ്ലീം വര്‍ഗ്ഗീയ സംഘടനകളെ വിജയകരമായി കൂട്ടിയിണക്കിക്കൊണ്ടുപോകാന് സാധിച്ചതാണ് എല്‍ഡിഎഫിന് ജില്ലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്.
2010ല്‍ ബിജെപിക്ക് 48 സീറ്റുകളാണ് ജില്ലയിലുണ്ടായിരുന്നത്. ഇത്തവണ 140ഓളമായി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. കുട്ടനാട്ടില്‍ ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലും ബിജെപിക്ക് പ്രാതിനിധ്യം ലഭിച്ചതും ശ്രദ്ധേയ നേട്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: