കൊച്ചി: ആത്മവിശ്വാസത്തിന്റെ നെറുകയിലായിരുന്നു യുഡിഎഫും ആ മുന്നണിയെയും കോണ്‍ഗ്രസിനെയും ഭരണത്തെയും നയിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും. അരുവിക്കര നല്കിയ വിജയം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലഭിച്ചേക്കാവുന്നു ശുഭഫലങ്ങളുടെ ചൂണ്ടുപലകയായി മുഖ്യന് തെറ്റിദ്ധരിച്ചു. വോട്ടെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് തറപ്പിച്ചുപറയാന്‍ ഉമ്മന്‍ ചാണ്ടിയെ പ്രേരിപ്പിച്ചതും മറ്റൊന്നല്ല. എന്നാല്‍ മുന്നണിയിലെ പടലപ്പിണക്കങ്ങളും വിമതശല്യവും പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് തയ്യാറെടുത്ത സമ്മതിദായകരുടെ മനസും യുഡിഎഫിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും കണക്കുകൂട്ടല്‍ തെറ്റിച്ചു.
ബാര്‍ കോഴക്കേസിലെ കോടതിയുടെ നിശിത വിമര്‍ശനങ്ങളില്‍ നട്ടംതിരിയുന്ന സംസ്ഥാന സര്‍ക്കാരിനേറ്റ ഇരട്ട പ്രഹരമായി തെരഞ്ഞെടുപ്പ് ഫലം. ധനമന്ത്രി കെ.എം.മാണിയെ അതിരുവിട്ടു സംരക്ഷിച്ച ഉമ്മന്‍ ചാണ്ടിക്കേറ്റ വ്യക്തിപരമായ തോല്‍വികൂടിയായി ജനവിധിയെ വിലയിരുത്താം. പാലായില്‍ തന്റെ കോട്ടകാത്തെന്ന ഊറ്റത്തില്‍ മാണി ചിരിച്ചപ്പോള്‍, കോണ്‍ഗ്രസ് ക്യാംപിനെ തേടിയെത്തിയത് സങ്കടക്കഥകള്‍ മാത്രം. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തെ കോര്പ്പറേഷന് ഭരണം ഒരിക്കല്‍ക്കൂടി യുഡിഎഫിന് കിട്ടാക്കനിയായി. ബിജെപി നടത്തിയ ശക്തമായ മുന്നേറ്റത്തില്‍ ഏറെ വിരണ്ടതും വലതുപക്ഷം തന്നെ.
തലസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് ഭരണവും കോണ്‍ഗ്രസിന് കൈമോശം വന്നു. കൊച്ചി കോര്പ്പറേഷന് ഭരണം നേരിയ ജയത്തോടെയെങ്കിലും നിലനിര്‍ത്താനായത് കോണ്‍ഗ്രസിന് ആശ്വാസമേകി. എന്നാല്‍ അതും തിളക്കമാര്‍ന്നൊരു നേട്ടമല്ല. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ സീറ്റില്‍ ഇടിവു സംഭവിച്ചു, കഴിഞ്ഞ തവണത്തെ 44 സീറ്റില്‍ നിന്ന് 38ലേക്കു വീണു. ലത്തീന്‍ സമുദായത്തെ പ്രീണിപ്പിക്കുന്ന കോണ്‍ഗ്രസ് നയത്തിനെതിരെ ജില്ലയിലെ പ്രമുഖ നേതാക്കളായ എന്‍. വേണുഗോപാലും മുന്‍ ഡെപ്യൂട്ടി മേയര്‍ ബി. ഭദ്രയുമൊക്കെ രംഗത്തുവന്നതിന്റെ പശ്ചാത്തലത്തിലെ തെരഞ്ഞെടുപ്പ് ഫലം നേതൃത്വത്തെ വിളറിപിടിപ്പിച്ചിരിക്കും.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫും കോണ്‍ഗ്രസും വെള്ളം കുടിക്കുക തന്നെ ചെയ്തു. 55 അംഗ ഭരണ സമിതിയില്‍ യുഡിഎഫിന് ലഭിച്ചത് 27 സീറ്റുകള്‍. മത്സരിപ്പിക്കാതെ പിണക്കിവിട്ട വിമതന് പി.കെ. രാഗേഷ് ജയിക്കുകയും ചെയ്തു. ഇനി രാഗേഷിന്റെ കാരുണ്യം ലഭിച്ചാല്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിന് ഭരിക്കാം. കൊല്ലം (16 സീറ്റുകള്‍) കോഴിക്കോട് (20) കോര്‍പ്പറേഷനുകളില്‍ യുഡിഎഫിന് കാര്യമായ പരിക്കുകള്‍ തന്നെ സംഭവിച്ചു. 21 സീറ്റുറപ്പിച്ച തൃശൂര്‍ കോര്‍പ്പറേഷനിലും ബിജെപിയുടേയോ സ്വതന്ത്രന്മാരുടേയോ സഹായം തേടാതെ കോണ്‍ഗ്രസിന് ഭരണം സ്വപ്നം കാണാന്‍ പറ്റില്ല.
തൃശൂരില്‍ എ,ഐ ഗ്രൂപ്പുകളുടെ മൂപ്പിളമപ്പോര് ഭരണമുന്നണിയെ പിന്നോട്ടടിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. മുസ്ലിം ലീഗും കോണ്‍ഗ്രസും മുഖാമുഖം നിന്ന മലപ്പുറത്തും യുഡിഎഫിന് കനത്ത നഷ്ടങ്ങള്‍ വന്നുചേര്‍ന്നു. യുഡിഎഫില്‍ നിന്ന് രണ്ട് നഗരസഭകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. 200ലേറെ ഗ്രാമ പഞ്ചായത്തുകളാണ് വലതു മുന്നണി ഇക്കുറി കൈവിട്ടുകളഞ്ഞത്. ബ്ലോക്ക് പഞ്ചായത്തുകളും അവരെ തുണച്ചില്ല. ജില്ലാപഞ്ചായത്തുകളിലും നഗരസഭകളിലും പിടിച്ചുനിന്നെന്നു പറയാം.
പക്ഷേ, ഭരണത്തുടര്‍ച്ചയെന്ന മോഹം ലക്ഷ്യത്തിലെത്തിക്കാന്‍ അതൊന്നും പോരെന്ന സൂചന വോട്ടര്‍മാര്‍ യുഡിഎഫിന് നല്‍കിക്കഴിഞ്ഞു. തെക്ക് വിഴിഞ്ഞം തുറമുഖ പദ്ധതിയും മധ്യത്തില്‍ മെട്രോറെയിലും വടക്ക് വയനാട് മെഡിക്കല്‍ കോളേജും വികസനമുദ്രയായി എടുത്തുകാട്ടുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് മേല്‍ കരിനിഴലുകള്‍ പോലെ മാണിയും സരിത എസ്. നായരും ജോപ്പനും ജിക്കുമോനും സലിരാജമൊക്കെയുണ്ടാക്കിയ അഴിമതിയുടെയും തട്ടിപ്പിന്റെയും ക്രിമിനല്‍വത്ക്കരണത്തിന്റെയും നിറമുള്ള കഥകളുണ്ട്.
ആ വലതിനെയും കൊലയാളികളുടെ ദൗത്യം നന്നായി നിര്‍വഹിക്കുന്ന ഇടതനെയും ഒഴിവാക്കാനുള്ള പൊതുജനമനസ് അനന്തപുരിയില്‍ കണ്ടതാണ്. ആ മനസിനെ കേരളശരീരം മുഴുവന്‍ സ്വീകരിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പെന്ന ഫൈനല്‍ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്ക് കടുക്കുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: