തൃശൂർ: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന വിമോചനയാത്രക്ക് മുന്നോടിയായുള്ള വൈചാരിക വിപ്ലവത്തിന് ഇന്ന് തുടക്കമാകും. കേരളത്തിലെ രാഷ്ട്രീയ-സൈദ്ധാന്തിക മേഖലയിൽ ആശയപരമായ മേൽക്കൈ ലക്ഷ്യമിട്ട് വൻ ഒരുക്കങ്ങളാണ് യാത്രയുടെ മുന്നോടിയായി നടത്തിയിട്ടുള്ളത്.
വിവിധ വിഷയങ്ങളെ അധികരിച്ച് പതിനഞ്ചോളം പുസ്തകങ്ങൾ യാത്രക്ക് മുമ്പായി ബിജെപി പ്രസിദ്ധീകരിക്കും. ഇതിനു പുറമെ പാർട്ടി സന്ദേശം ജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യമിട്ട് വ്യത്യസ്ത വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിക്കും. സെമിനാറിന്റേയും പുസ്തക പ്രകാശനത്തിന്റേയും ഉദ്ഘാടനം ഇന്ന് രാവിലെ 11ന് തൃശൂരിൽ മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ നിർവ്വഹിക്കും.
നരേന്ദ്രമോദിയുടെ നയതന്ത്രവിജയം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ജന്മഭൂമി മുൻ പത്രാധിപരും എഴുത്തുകാരനുമായ പി.നാരായണൻ വിഷയാവതരണം നടത്തും. ഡോ. കെ.ജയപ്രസാദിന്റെ ശ്രീനാരായണഗുരുവും കമ്മ്യൂണിസ്റ്റുകളും, ടി.എസ്.നീലാംബരന്റെ ദേശീയ രാഷ്ട്രീയത്തിലെ കുപ്രചരണങ്ങളും യാഥാർത്ഥ്യവും എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ഇന്ന് നടക്കും. ബിജെപിയുടെ കേരള ചരിത്രം, കുമ്മനം രാജശേഖരൻ – സമരങ്ങളും പോരാട്ടങ്ങളും, വിമോചനയാത്ര എന്ത് എന്തിന്, മുന്നണികൾ തകർത്ത കേരളം, അസഹിഷ്ണുത സത്യവും മിഥ്യയും, ബിജെപിയും ന്യൂനപക്ഷങ്ങളും, ഇടതു-വലതു ഭരണത്തിൽ തകർന്ന പ്രകൃതി, പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹം, മതാന്ധത കേരളത്തിൽ, പെൺഹിറ്റ്ലറും കോൺഗ്രസ് ഫാസിസവും, നരേന്ദ്രമോദിയുടെ നയതന്ത്രവിജയം, നരേന്ദ്രമോദിയും കേരളവും എന്നീ വിഷയങ്ങളിലാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്.
ഒ.രാജഗോപാൽ, ലീലാ മേനോൻ, എം. ബാലകൃഷ്ണൻ, ഡോ. വിജയകുമാർ, എം.സതീശൻ, ടി.ജി.മോഹൻദാസ്, കാ.ഭാ. സുരേന്ദ്രൻ, ജോർജ്ജ് കുര്യൻ, പി.ജെ.തോമസ്, ഡോ. സി.എം.ജോയ്, ഇ.എസ്.ബിജു, കെ.പി.ശ്രീശൻ, കെ.കുഞ്ഞിക്കണ്ണൻ, പി.എസ്. ശ്രീധരൻപിള്ള, ടി.പി.രാജൻമാസ്റ്റർ, യാഗ ശ്രീകുമാർ എന്നിവരാണ് പുസ്തകങ്ങളുടെ രചന നിർവ്വഹിച്ചിട്ടുള്ളത്.
വരും ദിവസങ്ങളിൽ എല്ലാ പുസ്തകങ്ങളുടേയും പ്രകാശനം കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിമോചനയാത്രയോടൊപ്പം ഈ പുസ്തകങ്ങൾ വില്പന നടത്തും. കേരളത്തിലെ രാഷ്ട്രീയ പ്രത്യയശാസ്ത്രരംഗത്ത് നിലനിൽക്കുന്ന കമ്മ്യൂണിസ്റ്റ് പൊള്ളത്തരങ്ങളെ തുറന്നുകാണിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സെൽ കോഓർഡിനേറ്ററും പ്രസിദ്ധീകരണത്തിന്റെ മേൽനോട്ടം വഹിക്കുന്നയാളുമായ അഡ്വ. ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.
അന്നം, വെള്ളം, മണ്ണ്, തുല്യനീതി എന്ന സന്ദേശം ഉയർത്തിയാണ് കുമ്മനം രാജശേഖരൻ വിമോചനയാത്ര നയിക്കുന്നത്. ജനുവരി 20ന് കാസർകോഡ് ഉപ്പളയിൽ നിന്നാരംഭിക്കുന്ന യാത്ര ഫെബ്രുവരി 19ന് തിരുവനന്തപുരത്ത് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: