ഏറ്റെടുത്ത സമര പോരാട്ടങ്ങളെല്ലാം വിജയ പാതയിലെത്തിച്ച കേരളത്തിന്റെ ഒരേയൊരു സമര നായകന് കുമ്മനം രാജശേഖരന് ഈ രാജവീഥിയെ പോരാട്ട വീഥിയാക്കി ഇതാ കടന്നുവരുന്നുവെന്ന് വിളിച്ചോതി ഉച്ചഭാഷിണി വാഹനം കടന്നുപോകുമ്പോള്‍ത്തന്നെ കാത്തിരുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ വിമോചന യാത്രാ നായകനെ സ്വീകരിക്കുന്നതിനായി റോഡിലേക്കിറങ്ങുന്നു. തുറന്ന വാഹനത്തില്‍ സുസ്മേരവദനനായി എല്ലാവരെയും അഭിവാദ്യം ചെയ്ത് കുമ്മനം. ആരാധകര്‍ക്കിടയിലൂടെ ഒച്ചിഴയുന്ന വേഗത്തില്‍ കുമ്മനത്തെയും വഹിച്ചുകൊണ്ടുള്ള വാഹനം മുന്നോട്ട് നീങ്ങുമ്പോള്‍ ആവേശം അലതല്ലുന്ന പ്രവര്‍ത്തകര്‍, കൊട്ടിത്തിമിര്‍ക്കുന്ന യുവാക്കള്‍, പുഷ്പവൃഷ്ടി നടത്തുന്ന മഹിളകള്‍… ഈ ആവേശ തിരതല്ലലിലും വളരെ സൂക്ഷ്മതയോടെ വളയം തിരിക്കുന്ന ഒരാളുണ്ട് വണ്ടിയില്‍ – സിയാദ്. വിമോചനയാത്രയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ സാരഥിയാണ് ഈ ഈരാറ്റുപേട്ടക്കാരന്‍.
ഇത് തനിക്കൊരു പുത്തനനുഭവം. കുടുംബപരമായി ഇടതുപക്ഷത്തോടൊപ്പം നിന്ന എന്നെ സംബന്ധിച്ച് ഈ യാത്ര മാറി ചിന്തിക്കാനുള്ള അവസരമാണ്. ഇനി ഞാന്‍ വോട്ട് ചെയ്യുക ബിജെപിക്ക് മാത്രമാണെന്ന് സിയാദ് പറയുന്നു. ഈരാറ്റുപേട്ട കറുകാല്ചേരിയില് കുഞ്ഞുമുഹമ്മദിന്റെ മകനാണ് ഇരുപത്തി ഏഴുകാരനായ സിയാദ്. അച്ഛന് നാട്ടിലെ അറിയപ്പെടുന്ന ഇടതുപക്ഷ പ്രവര്ത്തകന്. അതുകൊണ്ടു തന്നെ സിയാദും ഇടതു ചേരിയിലായിരുന്നു നിലയുറപ്പിച്ചിരുന്നത്. എങ്കിലും സിയാദിന് ഓട്ടം പോകുന്നതില്‍ രാഷ്ട്രീയം ഉണ്ടായിരുന്നില്ല. പിറവത്ത് അനൂപ് ജേക്കബിനും നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിനും വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ വാഹനം കൊണ്ടുപോയിരുന്നുവെന്ന് സിയാദ് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് യാത്ര ചെയ്യാന്‍ വണ്ടി ലഭ്യമാക്കണമെന്ന് ബിജെപി നേതാക്കള്‍ ചോദിച്ചപ്പോള്‍ ആദ്യം ഉത്തരം പറയാന്‍ മടിച്ചു. കുമ്മനം തീവ്രവാദിയായ നേതാവെന്ന ധാരണയായിരുന്നു അതിന് കാരണം. കോട്ടയത്ത് സുഹൃത്തിന്റെ വര്ക്ഷോപ്പിലെത്തി അവനോട് ഇക്കാര്യം സൂചിപ്പിച്ചു. അവനാണ്, കുമ്മനത്തെ കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്നും എല്ലാവരോടും സൗഹൃദം കാണിക്കുന്ന വളരെ മാന്യനായ പൊതുപ്രവര്‍ത്തകനാണെന്നും പറഞ്ഞത്. അവന് പറഞ്ഞ വാക്കിന്റെ ബലത്തില്‍ ഞാന്‍ വാഹനവുമായി വരികയായിരുന്നു. ആദ്യദിവസം കൊണ്ടുതന്നെ എനിക്ക് സത്യം ബോധ്യപ്പെട്ടു. ബിജെപിയെക്കുറിച്ചും കുമ്മനത്തെക്കുറിച്ചും പുറത്ത് പ്രചരിക്കുന്നതല്ല യാഥാര്‍ഥ്യമെന്ന സത്യം. മുസ്ലീമായ എനിക്ക് അഞ്ചു നേരവും നിസ്കരിക്കാന്‍ സൗകര്യം ഒരുക്കുന്നതില്‍ പോലും ബിജെപി പ്രവര്‍ത്തകര്‍ ശ്രദ്ധ പുലര്‍ത്തുന്നുവെന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ് – സിയാദ് വാചാലനായി.
മനസുകൊണ്ട് ഞാന്‍ ബിജെപിക്കാരനായിക്കഴിഞ്ഞു. നാട്ടിലെത്തി സുഹൃത്തുക്കളെയും കൂട്ടി ബിജെപിയെക്കുറിച്ച് നല്ലതു പറയാന്‍ ഞാനിറങ്ങും. ഇടതുപക്ഷക്കാര്‍ക്ക് അസ്വസ്ഥത ഉണ്ടായേക്കാം. അത് ഗൗനിക്കുന്നില്ല. അടുത്തിടെ വിവാഹിതനായ സിയാദ് ഭാര്യ നസ്റത്തിനെയും ബിജെപിക്കാരിയാക്കുമെന്നും ചിരിച്ചുകൊണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: