പാലക്കാട്: സംസ്ഥാനത്താദ്യമായി മാലിന്യ സംസ്കരണത്തിന് പുതിയ പദ്ധതികളുമായി പാലക്കാട് നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാവുന്നു. ചെലവു കുറഞ്ഞ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ പരിചയപ്പെടുത്തി പരമാവധി വീടുകളിലും സ്ഥാപനങ്ങളും ഇവ സ്ഥാപിച്ചുള്ള സംസ്കരണ സംവിധാനമാണു നഗരസഭ ലക്ഷ്യമിടുന്നത്. ഇതോടനുബന്ധിച്ചുള്ള പ്രദര്‍ശനം ടൗണ്‍ഹാള്‍ അനക്സില്‍ ആരംഭിച്ചു.
വിവിധ രീതിയിലുള്ള മാലിന്യസംസ്കരണ ഉപാധികളുടെ മാതൃകകളും സംസ്കരണ രീതികളും വിശദീകരിക്കുന്ന 35ളം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. ഗാര്‍ഹിക മാലിന്യത്തില്‍ നിന്നും പാചകവാതകം ഉണ്ടാക്കുന്ന പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാ്ന്റ് ഏറെ ഉപകാരപ്രദമാണ്. അര ക്യൂബിക്ക് മുതല്‍ രണ്ട് ക്യൂബിക്ക് കപ്പാസിറ്റിയുള്ള പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റിന് വില 8500 രൂപ മുതല്‍ 26,500 രൂപ വരെയാണ്.
ആധുനിക രീതിയില്‍ ഫറോ സിമന്റില്‍ നിര്‍മ്മിച്ച കക്കൂസ് ടാങ്കുകളും, വെള്ളം ശുചീകരണ യന്ത്രങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. പ്രകൃതിക്ക് കോട്ടം വരുത്താതെ മണ്ണില്‍ അലിഞ്ഞു ചേരുന്ന ഓക്സോ ബയോ ഡിഗ്രേഡബിള്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍, ഗാര്‍ബേജ് ബാഗുകള്‍ എന്നിവ വ്യാപരികള്‍ക്ക് ഏറെ ഉപകാരപ്രദമാവുന്നതാണ്. 180 ദിവസത്തിനുള്ളില്‍ ഇവ മണ്ണില്‍ അലിഞ്ഞുചേരും എന്ന പ്രത്യേകതയുമുണ്ട്. വെള്ളം ശുദ്ധീകരിക്കുന്നതിനായുള്ള യന്ത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. സാനിറ്ററി നാപ്കീനുകള്ക്ക് പകരം ഉപയോഗിക്കാവുന്ന മെഡിക്കല്‍ ഗ്രേഡ് സിലിക്കോണില്‍ നിര്‍മ്മിച്ച വീ കപ്പുകളും മേളയിലുണ്ട്. 12 മണിക്കൂര്‍ സുരക്ഷ നല്കുന്ന ഇവയുടെ കാലാവധി 10 വര്‍ഷമാണ്. 1200 രൂപയാണ് വില.
ഫ്ളാറ്റുകളിലെ മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിന് ക്രെഡായിയുടെ ക്ലീന്‍ സിറ്റി പദ്ധതി പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ ഉടന്‍ ആരംഭിക്കും. ഒരു ദിവസം 40 കിലോ വരെ മാലിന്യം ഇതില്‍ നിക്ഷേപിക്കാം. 15 ദിവസത്തിനുള്ളില്‍ ഇവ ഡീഗ്രേഡ് ചെയ്യപ്പെടും.പ്ലാസ്റ്റിക് മാലിന്യങ്ങള്‍ 15 ദിവസത്തിലൊരിക്കല്‍ ശേഖരിക്കും. ഇവ എറണാകുളം രവി പുരത്തെ പ്ലാസ്റ്റിക് ഷെഡ്ഡിംഗ് യൂണിറ്റിലെത്തിച്ച് തരികളാക്കും. ഇവ റോഡ് ടാറിംഗിനായി ഉപയോഗിക്കും. ആഴ്ച്ചയിലൊരിക്കല്‍ കമ്പനി പ്രതിനിധികള്‍ ഇവ പരിശോധിക്കാനെത്തും. നിലവില്‍ എറണാകുളം, തൃശൂര്‍, കോട്ടയം എന്നീജില്ലകളില്‍ മാത്രമാണ് കമ്പനിയുടെ പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: