‘ദൈവ വിളി’ വേണ്ടുവോളം ഉണ്ടെന്ന് അവകാശപ്പെടുന്നവരാണ് കത്തോലിക്കസഭാ വിശ്വസികള്‍. എന്നാല്‍ ഇവര്‍ യഥാര്‍ത്ഥത്തില്‍ ‘ദൈവ വിളി’ ലഭിച്ചവരാണോ. ചോദിക്കുന്നത് ക്രിസ്തീയ സമൂഹത്തിന്റെ തലതൊട്ടപ്പനായ മാര്‍പാപ്പയാണ്.
കത്തോലിക്കാസഭാ വിശ്വാസികള്‍ ഒന്നടങ്കം പള്ളികളിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നു, അവര്‍ പ്രാര്‍ത്ഥനകളില്‍ മുഴുകുന്നു. എന്നാല്‍ ഇവരെല്ലാം തന്നെ സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ പരാജയപ്പെടുന്നു. ചെയ്യുന്ന വാക്കും പ്രവര്‍ത്തിയും ഒന്നാകുമ്പോള്‍ മാത്രമാണ് അവരെ ക്രൈസ്തവ വിശ്വാസികളെന്ന് പറയാന്‍ കഴിയുക- ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയെ ഓര്‍മ്മപ്പെടുത്തുന്നു.
റോമിലെ ഒരു മെട്രോപൊളീറ്റന്‍ നഗരമായ ഗുയിഡോണിയ മോണ്ടേസെലിയോയില് മാര്‍പാപ്പ ഞായറാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. അവിടെ കണ്ട കാഴ്ചകള്‍ക്ക് ശേഷം കത്തോലിക്കസഭയെ വിമര്‍ശിക്കാന്‍ തക്ക കാരണങ്ങളൊന്നും കണ്ടില്ലെന്ന് മാര്‍പാപ്പ പറയുകയുണ്ടായി. എങ്കിലും ഒരു കാര്യം, ആരും തന്നെ മറ്റൊരുവന്റെ കുടുംബത്തേയോ പാവപ്പെട്ടവനെയോ സഹായിക്കുന്നില്ല. ക്രൈസ്തവ വിശ്വാസിയാകുന്നതിന് അധരവ്യായാമം ആവശ്യമില്ല. മറിച്ച് ദൈവം നല്കുന്ന ജോലികളെ വാക്കാലും മനസ്സാലും കൈയാലും ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം കത്തോലിക്കാസഭയോടായി പറഞ്ഞു.
ഞാനെന്റെ മാതാപിതാക്കളോട് സംസാരിക്കുന്നില്ല, എന്റെ മുത്തച്ഛനേയും മുത്തശ്ശിയേയും പാവപ്പെട്ട ജനങ്ങളേയും ഞാന്‍ സഹായിക്കുന്നില്ല, രോഗമുള്ളവരെ സന്ദര്‍ശിക്കാന്‍ കൂട്ടാക്കുന്നില്ല. പിന്നെ ഞാന്‍ കത്തോലിക്കാ വിശ്വാസിയാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യമാണുള്ളത്. ഇതാണ് വിശ്വാസികളുടെ വഴിയെങ്കില്‍ കത്തോലിക്ക സമൂഹത്തില്‍ പിറന്നവനെന്ന് പറയാമെന്ന് മാത്രമേ ഉള്ളു. അല്ലാതെ പ്രവര്‍ത്തികൊണ്ട് അയാള്‍ ഒരിക്കലും കത്തോലിക്ക സമൂഹത്തില്‍ പിറന്നവനാകുന്നില്ല. എന്തിന്, ഒരു വിശ്വാസി പോലും ആകുന്നില്ല.
ചിലപ്പോഴൊക്കെ ഇരുട്ടിന്റെ പിടിയില്‍ താനും അകപ്പെട്ടിട്ടുണ്ട്. വിശ്വാസത്തില്‍ മങ്ങലേറ്റിട്ടുണ്ട്. ചില ദിവസങ്ങളില്‍ വിശ്വാസത്തെ തനിക്ക് മുറുകെ പിടിക്കാന്‍ കഴിയാതെ വന്നിട്ടുണ്ടെന്നും മുഴുവന്‍ അന്ധകാരമായി തോന്നിയിട്ടുണ്ടെന്നും കുറച്ച് നേരം കൊണ്ട് അതിനെ അതിജീവിക്കാന്‍ കഴിഞ്ഞെന്നും മാര്‍പാപ്പ സമ്മതിക്കുന്നു.
ഇരുട്ടിനെ നമ്മള് അറിയണമെന്നും ആത്മാവിലെ ഇരുട്ടിനെ നാം ബഹുമാനിക്കണമെന്നും പറഞ്ഞ മാര്‍പാപ്പ വിശ്വാസം നേടുന്നതിന് പഠനം നടത്തരുതെന്നും അത് ദൈവത്തിന്റെ വരദാനമായി കാണണമെന്നും വിശദീകരിച്ചു.
കേവലം ആരാധകരെ ഉണ്ടാക്കുന്നതിന് വേണ്ടി വിശ്വാസിയാണെന്ന് മേന്മ നടിക്കുന്നവരുണ്ട്. അത്തരക്കാരില്‍ ഉള്‍പ്പെടാതിരിക്കാന്‍ വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ദൈവത്തെ കാണുന്നതിന് പുരോഹിതനാകണമെന്നില്ല. ദൈവത്തിനായി ചെയ്യുന്ന ഒരു ചെറിയ കാര്യം പോലും വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: