തിരുവനന്തപുര: സംസ്ഥാന സ്കൂള്‍ കലോത്സവം നാലു നാള് പിന്നിട്ടപ്പോള്‍ മത്സരങ്ങളുടെ സമയക്രമത്തെ തകിടം മറിച്ച് അപ്പീല്‍ പ്രളയം. ആദ്യ ദിനത്തില്‍ കുറവായിരുന്ന അപ്പീല്‍ മൂന്നാം നാള് മുതല്‍ ക്രമാതീതമായി വര്‍ദ്ധിച്ചു. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ ജില്ലാ കലോത്സവത്തില്‍ നിന്നും പുറത്തായവരെല്ലാം ഒന്നാം ദിനം പിന്നിട്ടപ്പോള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യദിനത്തിലെ മത്സരങ്ങളില്‍ അപ്പീലുമായി എത്തിയവര്‍ക്കെല്ലാം എ ഗ്രേഡും ഒന്നാം സ്ഥാനവും ലഭിച്ചതോടെ മറ്റ് പ്രതിഭകള്‍ ഈ വിവരം ചുണ്ടിക്കാട്ടി വിവിധ കോടതികളെ സമീപിച്ചു. സമീപിച്ചവര്‍ക്കെല്ലാം കോടതികള്‍ മത്സരിക്കാനുള്ള അനുമതി നല്കി.
നൃത്ത ഇനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അപ്പീലുകള്‍. 14 പേര് പങ്കെടുക്കേണ്ട ഭരതനാട്യം എച്ച്എസ് വിഭാഗത്തില്‍ മത്സരിച്ചത് 34 പേര്. തൊട്ടു പിന്നില്‍ മോഹിനിയാട്ടവും കേരള നടനവും. 26പേര് വീതം മത്സരിച്ചു. നൃത്ത ഇനങ്ങളെക്കൂടാതെ ശാസ്ത്രീയ സംഗീതത്തിലും മോണോആക്ടിലും ഓട്ടംതുള്ളലിലുമൊക്കെ മത്സരിച്ചവരുടെ എണ്ണം ഇരുപത് കടന്നു. 276 അപ്പീലുകള്‍ ഇന്നലെ വരെ എത്തി.
ബാലാവകാശ കമ്മീഷനാണ് അപ്പീല്‍ നല്കുന്നതില് മുന്നില്‍. ലോകായുക്ത, വിവിധ മുന്‍സിഫ് കോടതികള്‍ എന്നിവിടങ്ങളില്‍ നിന്ന് അനുകൂല വിധിയുമായി വരുന്നവരുമുണ്ട്.
കലോത്സവത്തിലെ പ്രിയ ഇനങ്ങളായ നാടകവും മോഹിനിയാട്ടവും മാര്‍ഗംകളിയുമെല്ലാം അരങ്ങില്‍ തകര്‍ത്താടുമ്പോള്‍ സ്വര്‍ണകപ്പില്‍ മുത്തമിടാന്‍ ജില്ലകള്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. നാലു നാള് പിന്നിടുമ്പോള്‍ പാലക്കാടിന് ഉണ്ടായിരുന്ന മേധാവിത്വം മറികടന്ന് കോഴിക്കോട് മുന്നിലായി.153 ഇനങ്ങളുടെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 612 പോയിന്റ് കോഴിക്കോടിന് ലഭിച്ചപ്പോള്‍ പാലക്കാട് 615 പോയിന്റുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 607 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനത്താണ്. 531 പോയിന്റോടെ ആതിഥേയ ജില്ല പത്താം സ്ഥാനത്തും. മൂന്നാം ദിനത്തിലെ അസ്വാരസ്യത നാലാം ദിനത്തില്‍ ഉണ്ടായില്ല. മോണോആക്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പ്രതിഭയുടെ ഫലം കലോത്സവ വെബ്സൈറ്റില്‍ ബി ഗ്രേഡ് ആയത് പ്രശ്നങ്ങള്‍ക്ക് ഇടയാക്കി. വിശദമായി മത്സരഫലം പരിശോധിച്ച് പ്രശ്നം പരിഹരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: