ന്യൂദല്‍ഹി: പ്രതിരോധ മേഖലയ്ക്ക് 2,46,727കോടി രൂപ ബജറ്റില്‍ വകയിരുത്തി. പത്തുശതമാനത്തിന്റെ വര്‍ദ്ധനവാണ് മുന്‍വര്‍ഷത്തേക്കാള്‍ പ്രതിരോധമേഖലയിലേക്ക് എത്തുന്നത്. കഴിഞ്ഞവര്‍ഷം 2.22 ലക്ഷം കോടിയായിരുന്നു ബജറ്റ് വിഹിതം.
മേയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ രാജ്യത്തെ പ്രതിരോധരംഗത്തിന്റെ ഭാരതീയവല്‍ക്കരണ പ്രക്രിയയുടെ വേഗത വര്‍ദ്ധിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞ ധനമന്ത്രി സുതാര്യവും വേഗത്തിലുള്ളതുമായ പ്രതിരോധ ഇടപാടുകള്‍ നടത്തുമെന്നും ഉറപ്പുനല്‍കുന്നു.
ആഭ്യന്തരവകുപ്പിന് 62,124.52 കോടിരൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ 10.2 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. 2014-15ല്‍ 56,372.45കോടിയായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചത്. സ്ത്രീസുരക്ഷ, കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം, ആഭ്യന്തര സുരക്ഷ എന്നിവയ്ക്കായാണ് തുക.
നിര്‍ഭയ ഫണ്ടിലേക്കായി ആയിരം കോടി രൂപയും കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി 580 കോടിരൂപയും വകയിരുത്തി. മുന്‍വര്‍ഷം കാശ്മീരി പണ്ഡിറ്റുകള്‍ക്കായി 342.50കോടി മാറ്റിവെച്ചിരുന്നു. നക്സല്‍ ആക്രമണങ്ങള്‍ തടയുന്നതിനായി പ്രധാനമായും നിയോഗിച്ചിരിക്കുന്ന സിആര്‍പിഎഫിന് 14,089.38കോടിരൂപ അനുവദിച്ചു.
പാക്കിസ്ഥാന്,ബംഗ്ലാദേശ് അതിര്‍ത്തികളില്‍ നിയോഗിച്ചിരിക്കുന്ന ബിഎസ്എഫിന് 12,517.82 കോടിരൂപയും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന് 3736.47കോടിരൂപയും അനുവദിച്ചു. രാജ്യത്തെ വിമാനത്താവളങ്ങള്‍, വ്യാവസായിക സ്ഥാപനങ്ങള്‍, ആണവ സ്ഥാപനങ്ങള്‍, ദല്‍ഹി മെട്രോ എന്നിവയുടെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്ന സിഐഎസ്എഫിന് 5,196.65 കോടി രൂപയും വകയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: