തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിയുടെ കുതിപ്പിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തില്‍ തുടക്കമാകും. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന തൃശൂരില്‍ ജനലക്ഷങ്ങളെ സാക്ഷിയാക്കി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന് പുതിയ വികസന സന്ദേശം നല്‍കും. മോദിയുടെ കേരള സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് കേരളം കാത്തിരിക്കുന്നത്.
നാല്പത് വര്‍ഷത്തിലേറെയായി കേരളത്തില്‍ തുടരുന്ന ഇരുമുന്നണി രാഷ്ട്രീയത്തിന് ബദലായി ബിജെപി നയിക്കുന്ന പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ തുടക്കം കുറിക്കലാകും തൃശൂര്‍ സമ്മേളനം എന്നാണ് കരുതുന്നത്. സമീപകാല കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റഴും വലിയ ബഹുജന സമ്മേളനങ്ങളിലൊന്നാകും ഇന്ന് തൃശൂരില്‍ നടക്കുക.
സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനും പുരോഗതിക്കും ഇതിനകം ഒട്ടേറെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട് മോദി സര്‍ക്കാര്‍. പ്രധാനമന്ത്രി എന്ന നിലയില്‍ ആദ്യകേരള സന്ദര്‍ശനത്തില്‍ സംസ്ഥാനത്തിന് നരേന്ദ്രമോദി ബദല്‍ വികസന മാര്‍ഗ്ഗരേഖ മുന്നോട്ടു വെക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ വലിയ സാമുദായിക പ്രസ്ഥാനങ്ങളായ എസ്എന്‍ഡിപിയോഗം, കെപിഎംഎസ്, യോഗക്ഷേമസഭ തുടങ്ങിയ ഒട്ടേറെ സംഘടനകള്‍ പരസ്യമായി ബിജെപിയോടൊപ്പം നില്ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ രാഷ്ട്രീയ കേരളം അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
ബിജെപി മുന്നോട്ട് വക്കുന്ന സാമൂഹ്യസമത്വത്തിലൂന്നിയ പുതിയ വികസന സങ്കല്പം സംബന്ധിച്ച സന്ദേശങ്ങള്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടാകും. കേരളം നേരിടുന്ന അതീവ ഗുരുതരമായ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ അരക്ഷിതാവസ്ഥക്ക് നരേന്ദ്രമോദി തന്റെ സന്ദര്‍ശനവേളയില്‍ പരിഹാരം നിര്‍ദ്ദേശിക്കും എന്ന് കണക്കാക്കപ്പെടുന്നു.
കേരളത്തിലെ സാമൂഹ്യ ജീവിതത്തില്‍ ഏറ്റവും പിന്നോക്കം നില്ക്കുന്ന ആദിവാസികള്‍ മുതലുള്ളവരുടെ ക്ഷേമം കണക്കിലെടുത്തുകൊണ്ടുള്ള വികസന പദ്ധതികള്‍ക്ക് രൂപംനല്‍കണമെന്ന ആശയത്തിനാകും പ്രാധാന്യം. പരാജയപ്പെട്ട കേരള മോഡലിന് പകരം സമഗ്ര വികസനമെന്ന പുതിയ ആശയമാകും പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങളില്‍ പ്രധാനമെന്ന് കരുതുന്നു. ആദിവാസി-ഭൂമി-പരിസ്ഥിതി-വികസന പ്രശ്നങ്ങള്‍ക്ക് പുറമെ സംസ്ഥാനത്തെ സംബന്ധിച്ച് നിര്‍ണ്ണായകമായ പ്രവാസിക്ഷേമത്തിനുതകുന്ന നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി പരാമര്‍ശിക്കും. മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍, സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്, സുരേഷ് ഗോപി തുടങ്ങിയവര്‍ വേദിയിലുണ്ടാകും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളുടെ വിലയിരുത്തല്‍ ഇന്നലെ ബിജെപി സംസ്ഥാന നേതൃത്വം തൃശൂരില്‍ നടത്തി. അഖിലേന്ത്യാ സെക്രട്ടറി എച്ച്.രാജ, സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്, ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്, കെ.പി.ശ്രീശന്, സംഘടനാ ജനറല്‍ സെക്രട്ടറി കെ.ആര്.ഉമാകാന്തന്‍, സഹസംഘടനാ സെക്രട്ടറി കെ.സുഭാഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വൈകീട്ട് 4.55ന് കുട്ടനെല്ലൂര്‍ ഹെലിപാഡില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി അഞ്ചുമണിക്ക് വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ വേദിയിലെത്തും. ഒരുമണിക്കൂര്‍ അദ്ദേഹം വേദിയില്‍ ഉണ്ടാകും. തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം കൊച്ചിക്ക് മടങ്ങും.കേരളത്തിന്റെ സംഘടനാ ചുമതല വഹിക്കുന്ന നളിന്‍ കുമാര്‍ കാട്ടീല്‍ എംപി, അഖിലേന്ത്യാ സഹ സംഘടനാ സെക്രട്ടറി കെ.സന്തോഷ് എന്നിവര്‍ ഇന്ന് രാവിലെ തൃശൂരിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: