കലോത്സവത്തിന്റെ നാടകവേദിയില്‍ ആദ്യം തിരശ്ശീല ഉയര്‍ന്നത് പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹൈസ്കൂളിലെ നാടകസംഘത്തിന് വേണ്ടി. ഹൈസ്കൂള്‍ വിഭാഗം മത്സരത്തില്‍ ആദ്യം രംഗത്തെത്തിയ ശ്രീപ്രിയയും സംഘവും അവതരിപ്പിച്ചത് കൊന്നപ്പൂ എന്ന നാടകം.
കഴിഞ്ഞവര്‍ഷം സംസ്ഥാന കലോത്സവത്തില്‍ രണ്ടാം സമ്മാനം നേടിയ മികവുമായാണ് ഇവര്‍ വേദിയിലെത്തിയത്. ബാക്ക്ബെഞ്ച് എന്ന നാടകമാണ് കഴിഞ്ഞവര്‍ഷം അവതരിപ്പിച്ചത്
പ്രകൃതിയുടെ താളം തെറ്റിക്കുന്ന മനുഷ്യന്റെ ആര്‍ത്തിക്കെതിരായ നിഷ്ക്കളങ്കതയുടെ പ്രതിരോധമായിരുന്നു നാടകപ്രമേയം. അകിടില്‍ നിന്നും ചോരകിനിയുന്നവരെ കറന്നെടുക്കുന്ന മനുഷ്യന്, എല്ലാം കൊന്നെടുത്ത് തിമിര്ക്കുന്നവരുടെ ലോകം, ആഘോഷപ്പൊലിമയില്‍ അയല്ക്കാരന്റെ വേദനയറിയാത്തതിന്റെ നേര്‍ക്കാഴ്ചകള്‍…. എന്നാല്‍ നന്മയുടെ ഒരുപിടി വിഷുക്കൊന്നകള്‍ പൂത്തിറങ്ങുന്നതോടെയാണ് നാടകത്തിന് തിരശ്ശീല വീണത്.
പ്രിയദര്ശന് കാല്വരിഹില്സാണ് കൊന്നപ്പൂവിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. 9 മണിക്ക് തുടങ്ങേണ്ടിയിരുന്ന നാടകം തുടങ്ങിയത് 10.45ന്. നാല് ക്ലസ്റ്ററുകളിലായി 21 നാടകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 9 മണി മുതല്‍ അനൗണ്‍സ്മെന്റുകള്‍ ആരംഭിച്ചെങ്കിലും നാടകസംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍തന്നെ വൈകി. ഡോ. ഷിബു എസ്.കൊട്ടാരം, സുദര്ശന്, മീനമ്പലം സന്തോഷ് എന്നിവരാണ് വിധികര്ത്താക്കളായായി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: