കലയെ കലോത്സവത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അപ്പീലുകളുടെ പ്രളയം കലേത്സവത്തെ ബാധിക്കുന്നുണ്ടെന്നും ഡിപിഐ കെ. ഗോപാലകൃഷ്ണ ഭട്ട്. കലോത്സവം കേരളത്തിന്റെ ഉത്സവമായി മാറിയിരിക്കുകയാണ്. കലോത്സവത്തില്‍ പങ്കെടുക്കാന്‍വേണ്ടി മാത്രമാകരുത് കലാപഠനം. ഏത് കലയാണോ അഭ്യസിക്കുന്നത് അത് ജീവിതത്തിന്റെ ഭാഗമാക്കാന്‍ സാധിക്കണം. ഒരു ഉപാസനപോലെ കൊണ്ടുപോകാന്‍ സാധിക്കണം. കല തപസ്സായി മാറണം.
അപ്പീലുകളുടെ പ്രളയം കലോത്സവത്തിന്റെ നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് അംഗീകാരം ലഭിക്കാനുള്ള ഒരു അവസരമായി അപ്പീലിനെ കാണാം. എന്നാല്‍ ഗുണവശങ്ങളെക്കാള് ദോഷവശങ്ങള്‍ അപ്പീലുകള്‍ കൊണ്ട് ഉണ്ടാകുന്നുണ്ട്. ചിലരെങ്കിലും അപ്പീല്‍ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നുണ്ട്. കലോത്സവത്തിന്റെ സുഗമമായ സംഘാടനം തടസ്സപ്പെടുന്നു. മത്സരയിനങ്ങള്‍ നീണ്ടുപോകുന്നതിന് ഇത് കാരണമാകുന്നു. മത്സരാര്‍ത്ഥികള്‍ മുതല്‍ കാണികള്‍ വരെയുള്ളവര്‍ക്ക് ഇത് മൂലം ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. ചില ജില്ലകളില്‍ നിന്നുള്ള അപ്പീല്‍ പ്രളയത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. പരിശോധിച്ചശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
ചില വിധികര്ത്താക്കളെയെങ്കിലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തേണ്ടതായി വരുന്നുണ്ട്. ഇതിനെക്കുറിച്ച് പരിശോധിക്കുന്നുണ്ട്. ചില മത്സരയിനങ്ങളുടെ വിധിനിര്‍ണ്ണയത്തില്‍ പാളിച്ച ഉണ്ടായതായി വിധിനിര്‍ണ്ണയം കാണിക്കുന്നത്. പരാതിയുള്ള മത്സരയിനങ്ങള്‍ അപ്പീല്‍ കമ്മിറ്റി പരിശോധിക്കുന്നുണ്ട്. പ്രകടനം നോക്കി അവരുടെ സ്ഥാനവും ഗ്രേഡും പുന:പരിശോധിക്കുന്നുണ്ട്. മികച്ച വിധികര്‍ത്താക്കളെ തന്നെയാണ് എത്തിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ചിലയിനങ്ങളില്‍ വിധികര്‍ത്താക്കളെ കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
ചെറിയതോതിലുള്ള പരാതികള്‍ ഉയരുന്നുണ്ടെങ്കിലും വലിയ പ്രശ്നങ്ങള്‍ ഇല്ലാതെയാണ് ഇന്ന് കലോത്സവത്തിന് കൊടിയിറങ്ങുന്നത് എന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: